KeralaLatest News

രേഷ്മക്കൊപ്പം കിടന്ന് ഉറങ്ങിയെഴുന്നേൽക്കുമ്പോൾ വായിൽ രക്തംനിറയും, തന്റെ ശാരീരികവൈകല്യങ്ങൾക്ക് കാരണം ദുർമന്ത്രവാദം: മൊഴി

കൊച്ചി: ഹോട്ടൽ മുറിയിൽ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ നൗഷിദ് പൊലീസിനോട് പറയുന്നത് പലതും അവിശ്വസനീയമായ കാര്യങ്ങൾ. തന്റെ ശാരീരിക വൈകല്യങ്ങളുടെ യഥാർഥ കാരണം കാമുകിയായ രേഷ്മയുടെ ദുർമന്ത്രവാദമാണെന്നാണ് ഇയാൾ പറയുന്നത്. രേഷ്മയ്ക്കൊപ്പമുള്ള ദിവസങ്ങളിൽ രാത്രി ഉറങ്ങി എഴുന്നേൽക്കുമ്പോൾ തന്റെ വായിൽ രക്തം നിറയുമായിരുന്നെന്നും ഇയാൾ പൊലീസിന് മൊഴി നൽകി. ഇത് രേഷ്മയുടെ ദുർമന്ത്രവാദം കാരണമാണെന്നും ഇയാൾ പറയുന്നു.

തന്റെ ശാരീരിക വൈകല്യങ്ങളെ കുറിച്ച് സുഹൃത്തുക്കളോ‌ട് പറഞ്ഞ് പരിഹസിക്കുക കൂടി ചെയ്തതോടെ കൊലപ്പെടുത്താൻ തീരുമാനിച്ചെന്നാണ് ഇയാൾ പറയുന്നത്. പൊലീസിന്റെ ചോദ്യങ്ങൾക്കു പരസ്പരവിരുദ്ധമായ ഉത്തരങ്ങൾ നൽകി തനിക്കു മാനസികരോഗമാണെന്നു വരുത്തിത്തീർക്കാനുള്ള തന്ത്രം പ്രതി നടത്തുന്നതായി പൊലീസ് സംശയിക്കുന്നു. പ്രതിക്കെതിരെ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കൊലപാതകശ്രമത്തിനു മുൻപു കേസുണ്ടെന്നും പൊലീസ് പറഞ്ഞു.

നോർത്ത് കൈപ്പിള്ളി ലെയിനിലെ കൈപ്പിള്ളി അപാർട് ഹോട്ടലിലാണു സംഭവം നടന്നത്. കോട്ടയം ചങ്ങനാശേരി വാലുമ്മച്ചിറ ചീരംവേലിൽ രവിയുടെയും തങ്കമ്മയുടെയും മകൾ രേഷ്മ രവിയാണു (27) ബുധനാഴ്ച രാത്രി ഒൻപതരയോടെ കുത്തേറ്റു മരിച്ചത്. കേസുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത രേഷ്മയുടെ സുഹൃത്തും ഇതേ ഹോട്ടലിലെ കെയർടേക്കറുമായ കോഴിക്കോടു ബാലുശേരി പി.എ. നൗഷിദാണ് യുവതിയെ കൊലപ്പെടുത്തിയത്.

സോഷ്യൽ മീഡിയയിലൂടെയാണ് താൻ രേഷ്മയെ പരിചയപ്പെട്ടതെന്നും നൗഷിദ് വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്കൊപ്പം ലിവിങ് ടുഗദർ ജീവിതമാരംഭിക്കാൻ ഫ്ലാറ്റ് വാടകയ്ക്കെടുക്കാൻ ആവശ്യപ്പെട്ടു രേഷ്മ നൗഷിദിൽ സമ്മർദം ചെലുത്തിയിരുന്നു. ഇതിനു തയാറാകാതെ വന്നതോടെയാണു തന്നെപ്പറ്റി അപകീർത്തികരമായ പരാമർശങ്ങൾ രേഷ്മ നടത്തിയതെന്നാണു മൊഴി. തുടർന്നു ബുധനാഴ്ച രേഷ്മയെ നൗഷിദ് ഫോൺ ചെയ്തു ഹോട്ടലിന്റെ രണ്ടാം നിലയിലെ മുറിയിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. കുറ്റവിചാരണയ്ക്കുമൊടുവിലാണ് ഇയാൾ കാമുകിയെ കൊലപ്പെടുത്തിയത്. യുവതിയുടെ മരണത്തിനു മിനിറ്റുകൾക്കു മുൻപെടുത്ത വിഡിയോ ദൃശ്യങ്ങൾ പ്രതിയുടെ മൊബൈലിൽ നിന്നു പൊലീസിനു ലഭിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്.

രേഷ്മ മുറിയിലെത്തിയ ഉടൻ കളിയാക്കിയതിനെച്ചൊല്ലി ചോദ്യംചെയ്യലും മർദനവും ആരംഭിച്ചു. ഇതെല്ലാം മൊബൈലിൽ പകർത്തുകയും ചെയ്തു. മാനസിക– ശാരീരിക പീഡനം സഹിക്കാനാകാതെ ഒരു ഘട്ടത്തിൽ ‘തന്നെ കൊന്നേക്കാൻ’ രേഷ്മ ആവശ്യപ്പെട്ടെന്നും ഇതോടെയാണു കയ്യിൽ കരുതിയ കത്തികൊണ്ടു രേഷ്മയുടെ കഴുത്തിൽ കുത്തിയതെന്നുമാണു നൗഷിദ് പറയുന്നത്. പ്രതി തന്നെയാണു ഹോട്ടൽ ഉടമയെ വിളിച്ച് രേഷ്മയെ താൻ കുത്തിയതായി അറിയിച്ചത്. വിവരം അറിഞ്ഞ് പൊലീസ് എത്തുമ്പോഴും രേഷ്മയ്ക്കു ജീവനുണ്ടായിരുന്നു. ഉടൻ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ കുറച്ചു കാലമായി രേഷ്മ എറണാകുളത്താണു താമസിക്കുന്നത്. വീട്ടിൽ ചെന്നിട്ടു മാസങ്ങളായി. ഓണത്തോടനുബന്ധിച്ചു വീട്ടിൽ വരാമെന്നു ബന്ധുക്കളോടു ഫോണിൽ പറഞ്ഞിരുന്നു. സഹോദരൻ: രാഗേഷ്. സംസ്കാരം ഇന്നു 12നു വീട്ടുവളപ്പിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button