വർത്തമാനകാലത്തിൽ ഏറെ പ്രസക്തിയുള്ളതാണ് സിനിമയുടെ പ്രമേയം: മാമന്നൻ ചിത്രത്തെ പ്രകീർത്തിച്ച് കെ കെ ശൈലജ

തിരുവനന്തപുരം: മാമന്നൻ സിനിമയെ പ്രശംസിച്ച് മുൻമന്ത്രി കെ കെ ശൈലജ. വർത്തമാനകാലത്തിൽ ഏറെ പ്രസക്തിയുള്ളതാണ് സിനിമയുടെ പ്രമേയമെന്ന് ശൈലജ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ശൈലജയുടെ പരാമർശം.

Read Also:  സ്കൂള്‍ വിട്ട് വീട്ടിലേയ്ക്ക് മടങ്ങിയ ഒമ്പതുകാരിയെ പശുക്കള്‍ കുത്തി പരിക്കേല്‍പ്പിച്ചു: ​ഗുരുതര പരിക്ക്

കഴിഞ്ഞ ദിവസമാണ് ‘മാമന്നൻ’ കാണാൻ കഴിഞ്ഞത്. ഇന്ത്യയിൽ സമൂഹത്തെ ഏറ്റവും കൂടുതൽ വ്രണപ്പെടുത്തുന്നതും പിന്നോട്ട് നയിക്കുന്നതുമായ ഒന്നാണ് ജാതിവ്യവസ്ഥ. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ജാതിപരമായ വിവേചനങ്ങൾ തുടച്ചുനീക്കാൻ ഭരണാധികൾ ശ്രമിച്ചില്ല. കേരളത്തിൽ നാം നടത്തിയ ബോധപൂർവ്വമായ ഇടപെടലുകൾ പ്രകടമായ ജാതിവിവേചനം ഇല്ലാതാക്കിയിട്ടുണ്ട്. എങ്കിലും മനുഷ്യമനസ്സുകളിൽ നിന്ന് ജാതിബോധവും ഉച്ചനീചത്വ ബോധവും പൂർണ്ണമായും പറിച്ചെറിയാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. മറ്റ് ചില സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന അതിക്രമങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നാം ഏറെ മുന്നിലാണെന്ന് ശൈലജ വ്യക്തമാക്കി.

ദളിത് സംവരണത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്ത് പ്രസിഡന്റുമാരെ ഓഫീസിൽ കസേരയിൽ ഇരിക്കാൻ അനുവദിക്കാത്ത സംഭവങ്ങൾ ഉത്തരേന്ത്യയിൽ ഉണ്ടായിട്ടുണ്ട്. അവർക്ക് അവകാശം അംഗീകരിച്ചു കിട്ടാൻ കോടതിയെ സമീപിക്കേണ്ടിവരുന്നു. അത്തരത്തിലുള്ള വിവേചനത്തെ തുറന്നുകാട്ടുന്ന പ്രമേയമാണ് മാരിശെൽവരാജ് മാമന്നനിലൂടെ അവതരിപ്പിക്കുന്നത്. ഉദയനിധിസ്റ്റാലിനും വടിവേലുവും കീർത്തിസുരേഷും അവരുടെ റോളുകൾ പ്രശംസാർഹമായി നിർവ്വഹിച്ചു. മലയാളികളുടെ പ്രിയങ്കരനായ ഫഹദ്ഫാസിൽ രത്‌നവേൽ എന്ന ജാതിക്കുശുമ്പനായ വില്ലനെ അവതരിപ്പിച്ച രീതി ഏറെ പ്രകീർത്തിക്കപ്പെട്ടിട്ടുണ്ട്. ജാതിമതവർഗീയതയെ അരക്കിട്ടുറപ്പിക്കാൻ
വർഗ്ഗീയവാദികൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലത്തിൽ ഏറെ പ്രസക്തിയുള്ളതാണ് സിനിമയുടെ പ്രമേയമെന്നും ശൈലജ കൂട്ടിച്ചേർത്തു.

Read Also: പത്താം ക്ലാസ് പാസ്സായവർക്ക് പതിനായിരക്കണക്കിന് ജോലി ഒഴിവുകളുമായി തപാൽ വകുപ്പ്: അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

Share
Leave a Comment