മറയൂര്‍: മൂന്നാര്‍ – മറയൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ വാഹനങ്ങള്‍ തടഞ്ഞ് പടയപ്പ. വാഗുവരൈ ഫാക്ടറി ഡിവിഷനിലെ ലയങ്ങള്‍ക്ക് മുന്നിലൂടെ നടന്ന പടയപ്പ പരിസരത്തെ കൃഷിയിടത്തില്‍ നിന്നും വാഴകള്‍ പിഴുതു. അരമണിക്കൂറോളം വാഹനങ്ങള്‍ നിര്‍ത്തി ഇടേണ്ടി വന്നു എങ്കിലും, ആരെയും ആക്രമിക്കാതെയാണ് പടയപ്പ മടങ്ങിയത്. കഴിഞ്ഞ ഒരു മാസമായി തലയാര്‍, പാമ്പന്‍ മല മേഖലയിലാണ് പടയപ്പ ഉള്ളത്.
മൂന്നാഴ്ച മുമ്പ് മറയൂര്‍ പാമ്പന്‍മല എസ്റ്റേറ്റിലെ ജനവാസ മേഖലയിലെത്തിയിരുന്നു. ലയങ്ങളിലൊന്നിന്റെ വാതില്‍ പൊളിച്ച് അരിയെടുത്ത് കഴിച്ചിരുന്നു. ഇതിനു ശേഷം കഴിഞ്ഞയാഴ്ച ലക്കം ന്യൂ ഡിവിഷനിലെ ലയത്തിനു സമീപത്ത് എത്തിയിരുന്നു. തൊഴിലാളികളിലൊരാള്‍ പശുവിനായി വാങ്ങി വച്ചിരുന്ന പുല്ല് തിന്നുകയും മണിക്കൂറുകളോളം അവിടെ ചിലവഴിക്കുകയും ചെയ്തിരുന്നു. മറ്റ് അക്രമങ്ങളൊന്നും നടത്തുന്നില്ലെങ്കിലും സ്ഥിരമായി ഇവിടെ തന്നെ തമ്പടിച്ചിരിക്കുന്നത് ആളുകളെ ആശങ്കയിലാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ പൈതൃക ട്രെയിനിന്റെ യാത്ര ഒറ്റയാന്‍ തടസപ്പെടുത്തിയിരുന്നു. മേട്ടുപ്പാളയം – കുന്നൂര്‍ ട്രെയിനാണ് ഒറ്റയാന്റെ കുറുമ്പിനെ തുടര്‍ന്ന് അരമണിക്കൂറിലധികം ട്രാക്കില്‍ പിടിച്ചിടേണ്ടി വന്നത്. ആന കാട്ടിലേക്ക് മടങ്ങിപ്പോയശേഷമാണ് യാത്ര തുടരാനായത്. മേട്ടുപ്പാളയത്ത് നിന്ന് നീലഗിരി ഭാഗത്തേക്ക് വരികയായിരുന്ന ട്രെയിനിന് മുന്നിലേക്കാണ് ഒറ്റയാനെത്തിയത്. കുന്നൂരിന് സമീപത്തെ മരപ്പാലം മേഖലയിലാണ് ഒറ്റയാന്‍ ട്രാക്കില്‍ നിലയുറപ്പിക്കുകയായിരുന്നു.
Post Your Comments