ആലപ്പുഴ: മാവേലിക്കരയില്‍ കാര്‍ കത്തി യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മരിച്ച കൃഷ്ണപ്രകാശ് ആസ്മയ്ക്ക് ചികിത്സ തേടിയിരുന്നതിനാല്‍ ഇന്‍ഹെയിലറുകള്‍ കാറില്‍ സൂക്ഷിച്ചിരുന്നു. ഇവ പൊട്ടിത്തെറിച്ചതാണോയെന്ന കാര്യം അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഇന്‍ഹെയിലറുകള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദര്‍ പറയുന്നത്. ഇതിനൊപ്പം കൃഷ്ണപ്രകാശിന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല അപകടത്തിന് കാരണമായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വാഹനം പരിശോധിച്ച ഫോറന്‍സിക് സംഘം ജില്ലാ പൊലീസ് മേധാവിക്ക് ഉടന്‍ റിപ്പോര്‍ട്ട് കൈമാറും.
Read Also: തീവ്രമഴയിലും വെള്ളപ്പൊക്കത്തിലും മുങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍
കഴിഞ്ഞദിവസമാണ് കാറിന് തീ പിടിച്ച് 35കാരന്‍ മരിച്ചത്. മാവേലിക്കര ഗേള്‍സ് സ്‌കൂളിനു സമീപം കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടില്‍ കൃഷ്ണ പ്രകാശ് എന്ന കണ്ണനാണ് മരിച്ചത്. രാത്രി 12 മണിയോടെ കാര്‍ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് വന്ന് തീയണച്ചെങ്കിലും കൃഷ്ണപ്രകാശിനെ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തുകയായിരുന്നു. സീറ്റ് ബെല്‍റ്റും ഹാന്‍ഡ് ബ്രേക്കും ഇട്ട നിലയിലായിരുന്നു. ഫ്യൂസ് യൂണിറ്റിലോ ബാറ്ററി ടെര്‍മിനലിലോ തകരാറില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു.
Post Your Comments