മാവേലിക്കര: താമസ സ്ഥലത്തെ കോമ്പൗണ്ടിനുള്ളിലേക്ക് കയറ്റുന്നതിനിടെ കാര്‍ പൊട്ടിത്തെറിച്ച് യുവാവ് വെന്തു മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അങ്ങനെയാകാനുള്ള സാധ്യത കുറവാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ എന്ജിന് ഭാഗത്ത് നിന്നും പിന്നിലേക്ക് തീ പടരേണ്ടതാണ്. എന്നാല്‍ എഞ്ചിന് ഭാഗത്ത് പ്രശ്നമില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
Read Also: പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു പൊടിക്കുന്ന കമ്പനിയിൽ തീപിടിത്തം
അതേസമയം, കാറിന്റെ ഫ്യൂസ് കത്തിപ്പോയിട്ടില്ല എന്നുള്ളതും സംശയം വര്‍ദ്ധിപ്പിക്കുന്നു. കാറിനുള്ളില്‍ നിന്നും ഒരു സിഗരറ്റ് ലൈറ്റര്‍ ലഭിച്ചിട്ടുണ്ട്. ഇന്‍ഹേയ്ലര്‍ ഉപയോഗിക്കുന്ന ആളാണ് കൃഷ്ണപ്രകാശ് വ്യക്തമായിട്ടുള്ളതായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് പറഞ്ഞു. കൃത്യമായ കാരണം ഫോറന്‍സിക് പരിശോധന വഴി മാത്രമേ മനസിലാക്കാനാകൂ എന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
മാവേലിക്കരയ്ക്ക് സമീപം കണ്ടിയൂരിലാണ് ദുരന്തം നടന്നത്. കാരാഴ്മ കിണറ്റും കാട്ടില്‍ കൃഷ്ണ പ്രകാശ് എന്ന കണ്ണന് (35) ആണ് കാര്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത്. കൃഷ്ണപ്രകാശ് ഓടിച്ചുകൊണ്ടു വന്ന കാര്‍ വീട് സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിനുള്ളിലേക്ക് കടക്കവേ പൊട്ടിത്തെറിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന കൃഷ്ണപ്രസാദ് സംഭവ സ്ഥലത്തു തന്നെ മരണമടഞ്ഞു.
പുലര്‍ച്ചെ 12.45ഓടെയാണ് സംഭവം നടന്നത്. പുറത്തു പോയി വന്ന കൃഷ്ണപ്രകാശ് അദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന പുളിമൂട് ജ്യോതി വീട്ടിലേക്ക് കാര്കയറ്റുന്നതിനിടെയാണ് സംഭവമുണ്ടായത്. കാര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്. ശബ്ദം കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ കാര്‍ കത്തുകയായിരുന്നു. തീ പെട്ടെന്ന് ആളിപ്പടര്‍ന്നതിനാല്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ഓടിയെത്തിയര്‍ വ്യക്തമാക്കുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുമ്പായി തീ ആളിപ്പടര്‍ന്നുവെന്നും വലിയ രീതിയില്‍ തീ പടര്‍ന്നു പിടിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
മാവേലിക്കര ഗേള്‍സ് സ്കൂളിനടുത്ത് കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തിവരികയായിരുന്നു കൃഷ്ണ പ്രകാശ്. ഇദ്ദേഹം അവിവാഹിതനാണ്. സഹോദരന് ശിവപ്രകാശിനൊപ്പമാണ് കണ്ടിയൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. അതേസമയം കാര്‍ തീ പിടിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇതു സംബന്ധിച്ച് ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
Post Your Comments