കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലവുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ആലുവ മാർക്കറ്റിലും പരിസര പ്രദേശങ്ങളിലുമാണ് പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. പ്രദേശത്ത് ജനങ്ങളുടെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു.
11.15 ഓടെയാണ് അമ്പതോളം പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയില്‍ പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. പതിനഞ്ച് മിനിറ്റോളം ആലുവ മാർക്കറ്റിൽ തെളിവെടുപ്പ് നീണ്ടു. കൊലപാതകം നടത്തിയതിന് പിന്നാലെ മാർക്കറ്റിനോട് ചേർന്നുള്ള പൈപ്പിൻ ചുവട്ടിലെത്തി ഇയാൾ കൈ കഴുകിയിരുന്നു. പോലീസ് പ്രതിയെ രണ്ടാമതായി ഈ പൈപ്പിൻ ചുവട്ടിലേക്കാണ് കൊണ്ടുപോയത്.
തുടർന്ന് ആലുവ തായിക്കാട്ടുകരയിൽ പ്രതി താമസിച്ചിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലെത്തിച്ചു. രണ്ട് ദിവസം മാത്രമാണ് അസ്ഫാക് അവിടെ താമസിച്ചിരുന്നത്. ഇതിന് തൊട്ടടുത്താണ് പെൺകുട്ടിയുടെ കുടുംബം താമസിച്ചിരുന്ന വീട്. ഈ കെട്ടിടത്തിന് അറുപത് മീറ്ററോളം ദൂരത്താണ് പെൺകുട്ടിക്ക് ജ്യൂസ് വാങ്ങി കൊടുത്ത കട. താമസ സ്ഥലത്തെ തെളിവെടുപ്പിന് ശേഷം ജ്യൂസ് കടയിലെത്തിച്ചും തുടർന്ന് അടുത്തുള്ള ചിക്കൻ സെന്ററിലേക്കും പ്രതിയെ കൊണ്ടുപോയി.
ചിക്കൻകടയിലുണ്ടായിരുന്ന ആൾ പ്രതി പെൺകുട്ടിയുമായി പോകുന്നത് കണ്ടിരുന്നുവെന്ന് മൊഴി നൽകിയിരുന്നു. ആലുവ ഫ്ലൈഓവറിന് സമീപമുള്ള പാത്രക്കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തി.
Post Your Comments