ഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’യെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ എന്ന പ്രതിപക്ഷ സഖ്യം ‘ഇന്ത്യ വിടുക’ എന്ന് അദ്ദേഹം പരിഹസിച്ചു. ‘ക്വിറ്റ് ഇന്ത്യാ സമരം സ്വാതന്ത്ര്യം നേടുന്നതിനുള്ള ഇന്ത്യയുടെ പടവുകൾക്ക് ഊർജ്ജമായിരുന്നു എന്നും ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, എല്ലാ തിന്മകളോടും രാജ്യം ‘ക്വിറ്റ് ഇന്ത്യ’ എന്ന് പറയുന്നു എന്നും മോദി വ്യക്തമാക്കി.
‘ഇന്ത്യയിൽ എല്ലായിടത്തും ഒരു ശബ്ദം മാത്രമേയുള്ളൂ – അഴിമതിയോട് ക്വിറ്റ് ഇന്ത്യ. കുടുംബാധിപത്യത്തോട് ക്വിറ്റ് ഇന്ത്യ, പ്രീണനത്തോട് ക്വിറ്റ് ഇന്ത്യ,’ പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിന് തറക്കല്ലിട്ടതിന് ശേഷമാണ് മോദി പ്രതിപക്ഷത്തിനെതിരെ പ്രതികരിച്ചത്. മറ്റുള്ളവരെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കാതിരിക്കാനും സ്വയം ഒന്നും ചെയ്യാതിരിക്കാനും പ്രതിപക്ഷം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
‘രാജ്യം ഒരു ആധുനിക പാർലമെന്റ് മന്ദിരം നിർമ്മിച്ചു. പാർലമെന്റ് രാജ്യത്തെ ജനാധിപത്യത്തിന്റെ പ്രതീകമാണ്. അതിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പ്രാതിനിധ്യമുണ്ട്. എന്നാൽ പ്രതിപക്ഷം ഈ പുതിയ പാർലമെന്റ് മന്ദിരത്തെ എതിർത്തു’ പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments