KeralaLatest NewsNews

സ്നേഹയുടെ ഞരമ്പിലേക്ക് സിറിഞ്ച് കുത്തിയിറക്കിയത് രണ്ട് തവണ: ഹൃദയാഘാതം വരുത്തി സ്വാഭാവികമരണമെന്ന് വരുത്തി തീർക്കാൻ ശ്രമം

പത്തനംതിട്ട: ആശുപത്രിയിൽ പ്രസവിച്ചുകിടന്ന യുവതിയെ കൊല്ലാൻ അനുഷ ഞരമ്പിലേക്ക് സിറിഞ്ച് കുത്തിയിറക്കിയത് രണ്ട് തവണ. ഞരമ്പ് കിട്ടാത്തതിനാൽ വീണ്ടും ശ്രമിക്കുമ്പോഴാണ് യുവതിയുടെ അമ്മ അറിയിച്ചതിനെത്തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സുമാർ എത്തുന്നത്. നഴ്സുമാരെത്തി കണ്ടപ്പോൾ തന്നെ ആശുപത്രി ജീവനക്കാരിയല്ലെന്ന് മനസ്സിലായി. ചോദ്യം ചെയ്തതോടെ ഇവർ മുറിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നഴ്സുമാർ തടഞ്ഞു വച്ച് സുരക്ഷാജീവനക്കാരെ അറിയിച്ചു. പിന്നീട് പോലീസെത്തി കസ്റ്റഡിയിലെടുത്തു.

കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹയെ (24) ആണ് ഇവരുടെ ഭർത്താവിന്റെ കാമുകി കൊല്ലാൻ ശ്രമിച്ചത്. നഴ്സിന്റെ വേഷത്തിലെത്തി കുത്തിവെയ്പെടുത്ത കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂർ വെട്ടത്തേരിൽ കിഴക്കേതിൽ അനുഷയെ (30) ആശുപത്രി ജീവനക്കാർ പിടികൂടി പുളിക്കീഴ് പോലീസിൽ ഏല്പിച്ചു.

പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചുകിടന്ന സ്നേഹയെ വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ, കുഞ്ഞിന് നിറം മാറ്റമുള്ളതിനാൽ ഡോക്ടർമാർ തുടർചികിത്സ നിർദേശിച്ചു. ഇതേ തുടർന്ന് സ്നേഹയും അവരുടെ അമ്മയും ആശുപത്രിയിൽ തങ്ങി.

ഇരുവരും മുറിയിൽ ഇരിക്കുമ്പോഴാണ് വൈകീട്ട് അഞ്ചുമണിയോടെ നഴ്സിന്റെ വേഷത്തിൽ അനുഷ മുറിയിൽ എത്തിയത്. സ്നേഹയ്ക്ക് ഒരു കുത്തിവെയ്പുകൂടി ബാക്കിയുണ്ടെന്നും അതെടുക്കാൻ വന്നതാണെന്നും പറഞ്ഞു. തങ്ങൾ ഡിസ്ചാർജായതാണെന്നും ഇനി കുത്തിവെയ്പ് വേണ്ടാ എന്നും പറഞ്ഞെങ്കിലും കേട്ടില്ല. ഇതോടെ സംശയം തോന്നിയ അമ്മ നഴ്സിങ്റൂമിലെത്തി വിവരം അറിയിക്കുകയായിരുന്നു.

സ്നേഹയുടെ ഭർത്താവ് അരുണിന്റെ കാമുകിയാണ് അനുഷയെന്ന് പോലീസ് പറഞ്ഞു. ഇവർ മുൻപ് മാവേലിക്കര ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഫർമസിസ്റ്റായി പരിശീലനം നേടിയിരുന്നു. മാവേലിക്കരയിലെ മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങിച്ച 120 മില്ലിയുടെ സിറിഞ്ചാണ് കുത്തിവെയ്ക്കാൻ ഉപയോഗിച്ചത്.

അനുഷയുടെ ഭർത്താവ് വിദേശത്താണ്. ഇതിനിടയിലാണ് അരുണുമായുള്ള ബന്ധം. സ്നേഹ ഈ അടുപ്പത്തെ എതിർത്തിരുന്നു. എയർ എംബോളിസം മാർഗത്തിലൂടെ സ്നേഹയ്ക്ക് ഹൃദയാഘാതം വരുത്തുകയും സ്വാഭാവികമരണമെന്ന് വരുത്തി തീർക്കുകയുമായിരുന്നു അനുഷയുടെ ലക്ഷ്യമെന്നാണ് പോലീസ് നൽകുന്ന വിവരം.

സ്നേഹ ആശുപത്രിയിൽ പ്രസവിച്ചുകിടക്കുന്ന വിവരമുൾപ്പെടെ അരുൺ വാട്സാപ്പ് ചാറ്റിങ്ങിലൂടെ അനുഷയെ അറിയിച്ചിരുന്നതായും ഇരുവരും നിരന്തരം ഫോണിലൂടെ  ബന്ധപ്പെട്ടിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അനുഷയുടെ പേരിൽ വധശ്രമത്തിന് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button