
തൃശ്ശൂർ: നഗ്നവീഡിയോ പ്രചരിപ്പിക്കുമെന്ന് വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. സ്റ്റുഡിയോ ഉടമയായ അവിണിശ്ശേരി പഞ്ചായത്ത് ഏഴുകമ്പനി തോണിവളപ്പിൽ അഭിലാഷ്(34) ആണ് അറസ്റ്റിലായത്. നെടുപുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടിജി ദിലീപ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആനക്കല്ല് ജങ്ഷനിൽ കാരമൽ വെഡ്ഡിങ് എന്ന പേരിൽ സ്റ്റുഡിയോ നടത്തുകയാണ് പ്രതി.
ഫെയ്സ്ബുക്ക് വഴിയാണ് മൂന്ന് വർഷം മുമ്പ് വീട്ടമ്മയുമായി ഇയാൾ പരിചയപ്പെടുന്നത്. തുടർന്ന് വീട്ടമ്മ അറിയാതെ സ്വകാര്യദൃശ്യങ്ങൾ പകർത്തുകയായിരുന്നു. പിന്നീട് ബന്ധുക്കൾക്ക് ചിത്രങ്ങൾ അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണി വർധിച്ചതോടെ വീട്ടമ്മ ഭർത്താവിനെ വിവരമറിയിച്ചു. തുടർന്ന് നെടുപുഴ സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു.
പ്രതിയിൽനിന്ന് ദൃശ്യങ്ങളടങ്ങിയ മൊബൈൽഫോണുകളും ഹാർഡ് ഡിസ്കുകളും പെൻഡ്രൈവുകളും പോലീസ് പിടിച്ചെടുത്തു. ഐടി ആക്ട് പ്രകാരമുള്ള വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അഡീഷണൽ എസ്ഐ സന്തോഷ്, വനിതാ സിവിൽ പോലീസ് ഓഫീസർ ജിതി, സൈബർസെൽ പോലീസുദ്യോഗസ്ഥൻ സുഹൈൽ, നെടുപുഴ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പിവി ശ്രീനാഥ് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Post Your Comments