
തൃശൂര്‍: അധ്യാപിക വഴക്ക് പറഞ്ഞതിൽ മനംനൊന്ത് വിദ്യാർത്ഥിനികൾ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ വൈകിട്ട് തൃശൂര്‍ ചൊവ്വന്നൂരിലാണ് സംഭവം. രണ്ട് വിദ്യാർത്ഥിനികളും എലിവിഷം കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സ്കൂളിന് സമീപത്തുള്ള സ്ഥലത്തേക്ക് വെള്ളം കുടിക്കാൻ പോകരുതെന്ന് അധ്യാപിക വിദ്യാർത്ഥിനികൾക്ക് താക്കീത് നൽകിയിരുന്നു.
ഇത് തെറ്റിച്ച് വിദ്യാർത്ഥിനികൾ വെള്ളം കുടിക്കാൻ പോയതിനാണ് അധ്യാപിക ഇരുവരെയും വഴക്കുപറഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇരുവരും സമീപത്തെ കടയിൽ നിന്നും എലിവിഷം വാങ്ങിയതിനു ശേഷം വെള്ളത്തിൽ കലക്കി കുടിക്കുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് വിഷം കഴിച്ചവരിൽ ഒരു കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും കുന്നംകുളം മലങ്കര ആശുപത്രിയിലെ പ്രവേശിപ്പിക്കുകയായിരുന്നു. ഒരാളെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. നിലവിൽ അപകടസാധ്യതയില്ലെന്നും രണ്ടുദിവസത്തിനുശേഷമേ കുട്ടികളുടെ ആരോഗ്യനിലയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയാനാകൂ എന്നും ഡോക്ടർമാർ പറഞ്ഞു.
Post Your Comments