തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഫോസ്‌കോസ് (FOSCOS) ലൈസൻസ് ഡ്രൈവിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി 10,545 പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 2305 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടികൾ സ്വീകരിച്ചു. ഇന്ന് നാല് ജില്ലകളിലായി 1357 പരിശോധനകൾ നടന്നു. കൊല്ലം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലായി 28 സ്‌ക്വാഡുകൾ പ്രവർത്തിച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 217 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. രജിസ്‌ട്രേഷൻ എടുത്ത് പ്രവർത്തിച്ച 187 സ്ഥാപനങ്ങൾക്ക് ലൈസൻസ് നേടുന്നതിന് വേണ്ടി നോട്ടീസ് നൽകി. 389 സ്ഥാപനങ്ങളെ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച കാരണത്താൽ പ്രവർത്തനം നിർത്തിവെപ്പിച്ചതായും മന്ത്രി പറഞ്ഞു.
ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾ നിയമപരമായി ലൈസൻസിന് അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് തുറന്നു കൊടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ലൈസൻസ് രജിസ്‌ട്രേഷൻ പരിശോധന തുടരുന്നതിനാൽ ലൈസൻസ് നേടിയിട്ടില്ലാത്ത എല്ലാ സ്ഥാപനങ്ങളും അടിയന്തിരമായി ലൈസൻസ് കരസ്ഥമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
ഭക്ഷണ വിൽപന നടത്തുന്ന വ്യാപാര സ്ഥാപനങ്ങളെല്ലാം ലൈസൻസ് എടുത്തു മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. വളരെ ചെറുകിട കച്ചവടക്കാർക്ക് മാത്രം രജിസ്‌ട്രേഷൻ എടുത്ത് പ്രവർത്തിക്കുന്നതിന് നിയമപരമായി അനുമതിയുണ്ട്. എന്നാൽ രജിസ്‌ട്രേഷൻ പോലുമില്ലാത്ത നിരവധി സ്ഥാപനങ്ങളുണ്ട് എന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്. ഭക്ഷണം വിൽപ്പന നടത്തുന്ന എല്ലാ സ്ഥാപനങ്ങളെയും ലൈസൻസിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമായതിനാൽ ഇതിനുള്ള തുടർനടപടികൾ സ്വീകരിക്കുന്നതാണ്.
ഭക്ഷ്യസുരക്ഷാ ലൈസൻസിന് അപേക്ഷിക്കുന്ന രീതി വളരെ ലളിതമാണ്. ഇതിനായി ഏതെങ്കിലും ഓഫീസ് സന്ദർശിക്കേണ്ട ആവശ്യമില്ല, ഓൺലൈനായി കമ്പ്യൂട്ടറിലൂടെയോ, മൊബൈൽ ഫോണിലൂടെയോ അപേക്ഷകൾ നൽകാവുന്നതും ഇത്തരം അപേക്ഷകൾ എല്ലാം തന്നെ സമയബന്ധിതമായി ലൈസൻസ് അനുവദിക്കുകയും ചെയ്യുന്നുണ്ട്. ഭക്ഷ്യസുരക്ഷാ ലൈസൻസിന് അപേക്ഷിക്കുന്ന അപേക്ഷകർ foscos.fssai.gov.in വെബ് സൈറ്റിലൂടെ മാത്രമാണ് അപേക്ഷിക്കേണ്ടത്.
Read Also: കമ്യൂണിസ്റ്റ് ഭീകര സംഘടനയിലെ അംഗങ്ങൾ: എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു
Post Your Comments