തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിശ്വാസം വേറെ ശാസ്ത്രം വേറെ എന്നുള്ളതാണ് കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടേയും നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെവിടെയും പാഠപുസ്തകങ്ങളിൽ സിപിഎം ആരോപിക്കുന്ന വിഷയങ്ങൾ പഠിപ്പിക്കുന്നില്ല. ഇല്ലാത്ത കാര്യം പ്രചരിപ്പിക്കുന്നതാണോ സ്പീക്കറുടെ ജോലിയെന്ന് അദ്ദേഹം ചോദിക്കുന്നു.
കള്ളപ്രചരണം നടത്താൻ വേണ്ടിയാണ് ഷംസീർ ഹിന്ദുവിശ്വാസത്തിന്റെ പ്രതീകമായ ഗണപതിയെ അധിക്ഷേപിച്ചത്. ഗുരുതര കുറ്റമാണിത്. അദ്ദേഹത്തിനെതിരെ കേസെടുക്കാനാണ് സംസ്ഥാന സർക്കാർ തയ്യാറാകേണ്ടത്. കേസെടുക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല പരമാർശത്തിൽ അൽപ്പം പോലും ഖേദമില്ല എന്നാണ് ഷംസീർ പറയുന്നത്. മാപ്പുമില്ല, തിരുത്തുമില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദനും നിലപാട് സ്വീകരിച്ചുവെന്ന് അദ്ദേഹം വിമർശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. ഷംസീർ പറഞ്ഞത് ശരിയാണോ തെറ്റാണോയെന്ന് മുഖ്യമന്ത്രി പറയാത്തത് എന്തുകൊണ്ടാണ്. എം വി ഗോവിന്ദന്റെ വാക്കുകൾ വസ്തുതയ്ക്ക് നിരക്കാത്തതാണ്. ചിലതൊക്കെ മിത്തും ചിലതൊക്കെ സത്യവുമെന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്. ഗോവിന്ദന്റെ ഏകദൈവ വിശ്വാസ പരമാർശവും പരസ്യമായിട്ടുള്ള ഹിന്ദു ആക്ഷേപമാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Post Your Comments