ഓപ്പറേഷൻ ഫോസ്കോസ് ലൈസൻസ് ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വ്യാപക പരിശോധന സംഘടിപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 10,545 പരിശോധനകളാണ് നടത്തിയിട്ടുള്ളത്. ഇവയിൽ 2,305 സ്ഥാപനങ്ങൾ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടികൾ ആരംഭിച്ചു. കൊല്ലം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ പരിശോധനയുടെ ഭാഗമായി 28 സ്കോഡുകളാണ് പ്രവർത്തിച്ചത്.
ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം, രജിസ്ട്രേഷൻ എടുത്ത് പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് ലൈസൻസ് നേടുന്നതിന് വേണ്ടിയും നോട്ടീസ് നൽകി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾ നിയമപരമായി ലൈസൻസിന് അപേക്ഷിക്കുന്ന മുറയ്ക്ക് തുറന്നു കൊടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. ഭക്ഷ്യസുരക്ഷാ ലൈസൻസിന് അപേക്ഷിക്കുന്ന രീതി വളരെ ലളിതമായതിനാൽ, നോട്ടീസ് ലഭിച്ച സ്ഥാപനങ്ങൾ ഉടൻ തന്നെ ലൈസൻസ് എടുക്കേണ്ടതാണ്.
Also Read: ആഴക്കടലിലെ അത്ഭുതങ്ങൾ തേടി ഇന്ത്യ, ‘സമുദ്രയാൻ’ ഉടൻ യാഥാർത്ഥ്യമാകും
സംസ്ഥാനത്ത് ചെറുകിട കച്ചവടക്കാർക്ക് മാത്രമാണ് രജിസ്ട്രേഷൻ എടുത്ത് പ്രവർത്തിക്കാൻ നിയമപരമായി അനുമതി ഉള്ളത്. എന്നാൽ, ഭക്ഷണം വിൽപ്പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾ നിർബന്ധമായും ലൈസൻസ് എടുക്കേണ്ടതാണ്. ഇത്തരത്തിൽ ലൈസൻസ്, രജിസ്ട്രേഷൻ എന്നിവ ഒന്നുമില്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി കടുപ്പിച്ചത്.
Post Your Comments