ഡൽഹി അടക്കമുള്ള പ്രധാന നഗരങ്ങളിൽ വീണ്ടും കുതിച്ചുയർന്ന് തക്കാളി വില. നിലവിൽ, ഡൽഹിയിൽ ഒരു കിലോ തക്കാളിക്ക് 250 രൂപ വരെയാണ് ഉയർന്നിരിക്കുന്നത്. മദർ ഡയറി ഒരു കിലോ തക്കാളി വിൽക്കുന്നത് 259 രൂപയ്ക്കാണ്. അതേസമയം, മൊത്ത വ്യാപാരം കിലോയ്ക്ക് 220 രൂപ നിരക്കിലാണ് നടക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിലക്കയറ്റത്തിന് നേരിയ ആശ്വാസം ഉണ്ടായെങ്കിലും, വില വീണ്ടും ഉയർന്നിരിക്കുകയാണ്.
നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിൽ ഒരു കിലോ തക്കാളിയുടെ വില 300 രൂപ വരെ ഉയർന്നേക്കാമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട മഴയാണ് വില വർദ്ധനവിന് പിന്നിലെ പ്രധാന കാരണം. കനത്ത മഴ തുടർന്നതോടെ പ്രതീക്ഷിച്ച രീതിയിൽ ഉൽപ്പാദനം നടന്നിരുന്നില്ല. കൂടാതെ, തക്കാളി അടക്കമുള്ള പച്ചക്കറികൾ കയറ്റുമതി ചെയ്യുന്നതിന് സാധാരണയേക്കാൾ 6 മണിക്കൂർ മുതൽ 8 മണിക്കൂർ വരെ അധിക സമയവും എടുക്കുന്നുണ്ട്. ഇതും വില വർദ്ധനവിന് കാരണമായിരിക്കുകയാണ്.
കയറ്റുമതിയിൽ നേരിടുന്ന കാലതാമസം മറ്റു പച്ചക്കറികളുടെ വിലയെയും ബാധിക്കാൻ സാധ്യതയുണ്ട്. കയറ്റുമതി വൈകുമ്പോൾ അവ കേടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, ഉള്ളി, ബീൻസ്, കാരറ്റ്, ഇഞ്ചി, മുളക് എന്നിവയുടെ വിലയും ഉയർന്നേക്കും. തക്കാളി വില ഉയർന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ സബ്സിഡി നിരക്കിൽ തക്കാളി വിൽപ്പന ആരംഭിച്ചിരുന്നു. ഒരു കിലോ തക്കാളി സബ്സിഡി നിരക്കിൽ 70 രൂപയ്ക്കാണ് വാങ്ങാൻ സാധിക്കുക.
Post Your Comments