അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ മിന്നൽ പരിശോധന, നിയമലംഘനങ്ങൾക്കെതിരെ നോട്ടീസ് നൽകി

ജില്ലാ ലേബർ ഓഫീസർമാരും, അസിസ്റ്റന്റ് ലേബർ ഓഫീസർമാരും അടങ്ങിയ പ്രത്യേക സംഘമാണ് വ്യാപക പരിശോധന നടത്തിയത്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ മിന്നൽ പരിശോധന നടത്തി അധികൃതർ. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിലാണ് വ്യാപക പരിശോധന സംഘടിപ്പിച്ചത്. സംസ്ഥാനത്തെ 142 കേന്ദ്രങ്ങളിൽ ജില്ലാ ലേബർ ഓഫീസർമാരും, അസിസ്റ്റന്റ് ലേബർ ഓഫീസർമാരും അടങ്ങിയ പ്രത്യേക സംഘമാണ് വ്യാപക പരിശോധന നടത്തിയത്. സംസ്ഥാനത്തെ എല്ലാ ലേബർ ക്യാമ്പുകളും പരിശോധിച്ച് പ്രവർത്തനം തൃപ്തികരവും, പരാതിരഹിതവുമാണെന്ന് ഉറപ്പുവരുത്താൻ മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധന സംഘടിപ്പിച്ചത്.

കരാർ തൊഴിലാളി നിയമം, അന്യസംസ്ഥാന തൊഴിലാളി നിയമം, ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ആക്ട് എന്നിവ പ്രകാരമാണ് പരിശോധന നടത്തിയിട്ടുള്ളത്. പരിശോധനയിൽ ലൈസൻസ് ഇല്ലാതെയും, രജിസ്ട്രേഷൻ ഇല്ലാതെയുമുള്ള പ്രവർത്തനങ്ങൾ, രജിസ്റ്റർ സൂക്ഷിക്കാതിരിക്കുക, വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളുടെ അഭാവം എന്നിവയും, വൃത്തിഹീനമായ സാഹചര്യങ്ങളിൽ തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നതുമായ നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകുകയും, വൃത്തിഹീനമായ സാഹചര്യങ്ങളിൽ താമസിക്കുന്ന തൊഴിലാളികളെ ഉടൻ തന്നെ മാറ്റി താമസിപ്പിക്കാനും അധികൃതർ നിർദ്ദേശം നൽകി.

Also Read: സ്വകാര്യ വ്യക്തിയുടെ വാടക ടെൻഡില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ബീഹാർ സ്വദേശികൾ പിടിയിൽ: അറസ്റ്റ്

Share
Leave a Comment