ലക്‌നൗ: ഗ്യാൻവാപി മസ്ജിദിൽ ശാസ്ത്രീയ പരിശോധനയ്ക്ക് അനുമതി നൽകി അലഹബാദ് ഹൈക്കോടതി. പരിശോധനയ്‌ക്കെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി ഹൈക്കോടതി തള്ളി. സമുച്ചയത്തില്‍ ശാസ്ത്രീയ സര്‍വേ ആവശ്യമാണെന്ന് കോടതി ഉത്തരവിട്ടു. അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി തീരുമാനം.
മസ്ജിദിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധനയ്ക്ക് അനുമതി നൽകികൊണ്ടുള്ള കീഴ്‌കോടതി ഉത്തരവ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്. മസ്ജിദിൽ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്ന് നിരീക്ഷിച്ചതിനെ തുടർന്നാണ് കോടതി ഉത്തരവ്. ഹർജിയിൽ ശാസ്ത്രീയ പരിശോധനയുടെ ആവശ്യകത വ്യക്തമാക്കി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി.
അതേസമയം കോടതിയിൽ പരിശോധനയ്‌ക്കെതിരെ ശക്തമായ എതിർപ്പായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ ഭാഗത്ത് നിന്നും ഉയർന്നുവന്നത്. പരിശോധന മസ്ജിദിൽ കേടുപാടുകൾ ഉണ്ടാകുന്നതിന് കാരണമാകും എന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ പ്രധാന വാദം. വാരാണസി കോടതിയാണ് മസ്ജിദിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധനയ്ക്കായി ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 24 ന് സർവ്വേ നടപടികൾ ആരംഭിക്കുകയായിരുന്നു.
അന്നേ ദിവസം മസ്ജിദ് കമ്മിറ്റി സർവ്വേയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. കോടതി രണ്ട് ദിവസത്തേക്ക് പരിശോധന നിർത്തിവയ്ക്കാനും മസ്ജിദ് കമ്മിറ്റിയോട് ഹൈക്കോടതിയെ സമീപിക്കാനും നിർദ്ദേശിക്കുകയായിരുന്നു. ഇത് പ്രകാരമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. വാദം പൂർത്തിയാകുന്നതുവരെ പരിശോധന വേണ്ടെന്ന നിലപാട് ആയിരുന്നു ഹൈക്കോടതിയും സ്വീകരിച്ചിരുന്നത്.
Post Your Comments