ഷൊർണൂർ: ഉറങ്ങിക്കിടന്ന യാത്രക്കാരന്റെ മൊബൈൽഫോൺ കവര്‍ന്ന കേസില്‍ മോഷ്ടാവ് പിടിയില്‍. കവര്‍ച്ചക്ക് ശേഷം മോഷ്ടാവും ഉറങ്ങിപ്പോയതോടെയാണ് ഷൊർണൂർ പൊലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച രാവിലെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ഏഴാംനമ്പർ പ്ലാറ്റ്ഫോമിലാണ് സംഭവം. കോഴിക്കോട് ചേവായൂർ കൊടുവാട്ടുപറമ്പിൽ പ്രജീഷിനെയാണ് (43) പോലീസ് അറസ്റ്റുചെയ്തത്.
ഗോവ സ്വദേശിയായ ഓംപ്രകാശ് പ്രഭാതിന്റെ ഒന്നേകാൽ ലക്ഷം രൂപ വിലവരുന്ന മൊബൈൽഫോൺ പ്രജീഷ് കവരുകയായിരുന്നു. ഓംപ്രകാശ് പ്രഭാത് കുടുംബത്തോടൊപ്പം ബെംഗളൂരുവിലേക്ക് പോകാനായി മറ്റൊരു തീവണ്ടിയിൽ പുലർച്ചെ എത്തിയതായിരുന്നു. സ്റ്റേഷനിലെത്തിയപ്പോൾ ഓംപ്രകാശ് പ്രഭാത് ആറാം നമ്പർ പ്ലാറ്റ്ഫോമിലെ കാത്തിരിപ്പുബെഞ്ചിലിരുന്നുറങ്ങി. ഈ സമയത്ത് പ്രജീഷ് പോക്കറ്റിൽ നിന്ന് മൊബൈൽഫോൺ കവരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
മൊബൈൽഫോൺ കവർന്ന് ബാഗിൽ സൂക്ഷിച്ചശേഷം ഏഴാംനമ്പർ പ്ലാറ്റ്ഫോമിലെ കാത്തിരിപ്പുബെഞ്ചിൽ പ്രജീഷും ഉറങ്ങി. മൊബൈൽ നഷ്ടപ്പെട്ട വിവരം പോലീസിൽ അറിയിച്ച ഉടൻ പോലീസ് പ്ലാറ്റഫോമുകളിൽ പരിശോധന നടത്തി. പ്ലാറ്റ്ഫോമിൽ ഉറങ്ങുകയായിരുന്ന പ്രജീഷിന്റെ ബാഗിൽനിന്ന് ലഭിച്ച ഫോൺ പരിശോധിച്ചതോടെയാണ് പിടിയിലാകുന്നത്. പ്രജീഷിന്റെ ഭാര്യവീട് പട്ടാമ്പി കൊപ്പത്താണെന്നും അവിടേക്കുള്ള യാത്രക്കിടെ ഷൊർണൂരിൽ ഇറങ്ങിയാണ് മൊബൈൽ ഫോൺ മോഷ്ടിച്ചതെന്നും എസ്ഐ അനിൽ മാത്യു പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് പ്രജീഷിനെ അറസ്റ്റുചെയ്തത്. പ്രജീഷിനെ കോടതി റിമാൻഡ് ചെയ്തു.
Post Your Comments