KeralaLatest NewsNews

‘മാപ്പ് പറയണം’: എ.എൻ ഷംസീറിന്റെ പ്രസ്‌താവനയ്ക്ക് പിന്നിൽ ഹൈന്ദവ വിരോധമെന്ന് ജി സുകുമാരൻ നായർ

കൊച്ചി: ഗണപതി പരാമർശത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരെ പ്രതിഷേധം കടുപ്പിച്ച് എൻ.എസ്.എസ്. ഷംസീറിന്റെ പ്രസ്‌താവനയ്ക്ക് പിന്നിൽ ഹൈന്ദവ വിരോധമാണെന്നും, പ്രസ്താവന ചങ്കിൽ തറയ്ക്കുന്നതാണെന്നും ജി സുകുമാരൻ നായർ അറിയിച്ചു. ആരാധിക്കുന്ന ഈശ്വരനെ അപമാനിക്കാൻ ശ്രമിച്ചാൽ വിട്ടുവീഴ്‌ചയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘സർക്കാർ ഈ വികാരത്തെ മാനിച്ചുകൊണ്ട് ആവശ്യമായ നടപടി സ്വീകരിക്കണം എന്നതാണ് ഞങ്ങളുടെ ആവശ്യം. ഷംസീർ ഹൈന്ദവ ജനതയോട് മാപ്പ് പറയണം. എനിക്ക് അബദ്ധം പറ്റി എന്ന് സമ്മതിച്ചുകൊണ്ട് മാപ്പ് പറയണം. അതാണ് ഈ ഘോഷയാത്രയുടെ ലക്ഷ്യം. വിശ്വാസത്തെ കവിഞ്ഞ് ഒരു ശാസ്ത്രവും ഇവിടെയില്ല. അത് ഏത് മതത്തിനായാലും. വിശ്വാസത്തിന് അപ്പുറം ശാസ്ത്രത്തിന് അടിസ്ഥാനമില്ല. ശാസ്ത്രത്തിന്റെ കാര്യം പറയാനാണെങ്കിൽ ഗണപതിയെ മാത്രം പറയുന്നതെന്തിന്? മറ്റ് മതത്തിലെല്ലാം ഇതുപോലെ എന്തൊക്കെയുണ്ട്? ഞങ്ങൾ ആരെങ്കിലും അതിനെതിരെ പ്രതികരിച്ചോ? ശാസ്ത്രം ഗണപതിയുടെ മേൽ മാത്രം പറയുന്ന രീതി, അത് അംഗീകരിക്കാനാകില്ല. ശാസ്ത്രമല്ല വിശ്വാസമാണ് വലുത്.

എ.കെ ബാലനൊക്കെ ആര് മറുപടി പറയുന്നു? എ.കെ ബാലൻ ഒരു നുറുങ്ങ് ചുണ്ടായി പോയിരിക്കുകയാണ്. അയാൾക്കൊക്കെ മറുപടി നൽകേണ്ട കാര്യമുണ്ടോ? ഷംസീർ ഞങ്ങളുടെ വിശ്വാസത്തെ പോറലേൽപ്പിച്ചു. മാപ്പ് പറഞ്ഞില്ലെങ്കിൽ എന്ത് തീരുമാനിക്കണം എന്ന് പിന്നീട് തീരുമാനിക്കും. ഞങ്ങളുടെ ആളുകൾ ബി.ജെ.പി, കോൺഗ്രസ്, സി.പി.എം എന്നീ പാർട്ടികളിലൊക്കെ പ്രവർത്തിക്കുന്നതിൽ ഞങ്ങൾക്ക് ഒരു എതിർപ്പും ഇല്ല. പക്ഷെ ഞങ്ങൾക്കിട്ട് പണിയാൻ വന്നാൽ…അത് ഞങ്ങൾ അനുവദിക്കില്ല. രാഷ്ട്രീയക്കാരുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ല’, സുകുമാരൻ നായർ പറഞ്ഞു.

പ്രതിഷേധത്തിന്റെ ഭാഗമായി ഷംസീറിനെതിരെ ശബരിമല മാതൃകയില്‍ നാമജപഘോഷയാത്ര നടത്തുകയാണ് എൻ.എസ്.എസ്. പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി ക്ഷേത്രം വരെയാണ് ഘോഷയാത്ര. സ്പീക്കർക്കെതിരെ വിമർശനവുമായി എൻഎസ്എസ് ആദ്യം മുതൽ തന്നെ രംഗത്തുണ്ട്. ഷംസീർ പരാമർശം പിൻവലിച്ച് ഉടൻ മാപ്പ് പറയണമെന്ന് വീണ്ടും എൻഎസ്എസ് ആവശ്യപ്പെട്ടു. സ്പീക്കറുടെ പരാമർശത്തെ നിസ്സാരവൽക്കരിച്ച്, പിന്തുണക്കുന്ന സിപിഎം നേതൃത്വത്തെയും ജി സുകുമാരൻനായർ വിമർശിക്കുന്നു. ഷംസീറിന്റെ പരാമർശത്തെ ചൊല്ലി ബിജെപിയും സിപിഎമ്മും തമ്മിൽ പോർവിളി നടക്കുന്നതിനിടെയാണ് എൻഎസ് എസിൻറെ വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button