തിരുവനന്തപുരം: വള്ളക്കടവില്‍ ഇരുപതോളം തെരുവുനായ്ക്കളെ കുഴിച്ചുമൂടിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ചൊവ്വാഴ്ച നായ്ക്കളെ കുഴിച്ചിട്ട സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. സീനിയര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സിന്ധുവിന്റെ നേതൃത്വത്തില്‍ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. അനിത, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. റോണി റോയ് ജോണ്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് വകുപ്പുതല അന്വേഷണം നടത്തുന്നത്. അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിമാനത്താവളത്തിന്റെയുള്ളില്‍ നിന്നും പുറത്തും നിന്നും പിടികൂടിയെന്ന് കരുതുന്ന ഇരുപതോളം നായ്ക്കളെയാണ് ജൂലൈ 26, 27 തിയതികളില്‍ കുഴിച്ചുമൂടിയതായി ഒരു നായ പിടുത്തക്കാരന് വകുപ്പിനെ അറിയിച്ചത്. നായ്ക്കളെ കൊലപ്പെടുത്തിയും ജീവനോടെയും കുഴിച്ചുമൂടി എന്നാണ് വിവരം. പിടികൂടിയ നായ്ക്കളെ ദത്തു നല്കാന് കൊണ്ടുപോകുന്നു എന്ന വ്യാജേനയാണ് കുഴിച്ചു മൂടിയത്.
കുഴിച്ചുമൂടിയ സ്ഥലത്തുനിന്ന് എട്ടു നായ്ക്കളുടെ ശരീരാവശിഷ്ടങ്ങള്‍ വകുപ്പിനു ലഭിച്ചു. അതില്‍ ഏഴ് എണ്ണവും അഴുകിയ നിലയിലാണ്. മൃഗസംരക്ഷണ സംഘടനയുടെ പരാതിയില്‍ വലിയതുറ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Post Your Comments