സ്തനാർബുദം എന്നത് സ്ത്രീകളിലെ അർബുദങ്ങളിൽ ഏറ്റവും വ്യാപകമായ ക്യാൻസറാണ്. അനാരോഗ്യ ഭക്ഷണരീതി, ജനിതകപരമായ കാരണങ്ങൾ, പ്രായം, അമിത വണ്ണം, ജീവിതശൈലി എന്നിവയെല്ലാം സ്തനാർബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്. ആരംഭഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിയപ്പെടണമെങ്കിൽ രോഗത്തെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകണം. സ്തനങ്ങളിലെ ചെറിയ നിറമാറ്റം പോലും ക്യാൻസറിൻറെ ലക്ഷണങ്ങളാവാം.
സ്തനാർബുദ്ദത്തിൻറെ ചില ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
1. സ്തനങ്ങളിൽ കാണുന്ന ലക്ഷണങ്ങൾ…
സ്തനങ്ങളിൽ മുഴ, ആകൃതിയിൽ മാറ്റം വരുക, ഒരു സ്തനത്തിന് മാത്രമായി വലിപ്പം വയ്ക്കുകയും, ഞരമ്പുകൾ തെളിഞ്ഞു കാണുകയും ചെയ്യുന്നത്, സ്തനങ്ങളിലെ ചർമ്മത്തിന് ചുവപ്പ് നിറം വരുക സ്തനങ്ങളിലെ ചർമ്മം കട്ടിയായി വരിക, സ്തനങ്ങളിലെ ചർമ്മത്തിൽ തീരെ ചെറിയ കുഴികൾ പോലെ കാണപ്പെടുക തുടങ്ങിയവയെല്ലാം ചിലപ്പോഴൊക്കെ സ്തനാർബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു.
2. മുലക്കണ്ണിൽ കാണുന്ന ലക്ഷണങ്ങൾ…
മുലക്കണ്ണിനു ചുറ്റുമുള്ള ചർമ്മങ്ങൾ ഇളകിപ്പോകുക, മുലക്കണ്ണിൽ നിന്ന് രക്തം പുറത്തുവരുന്ന അവസ്ഥ, മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ, സ്തനങ്ങളിലോ മുലക്കണ്ണിലോ വേദന തുടങ്ങിയവയും ചിലപ്പോൾ രോഗത്തിൻറെ ലക്ഷണങ്ങളാകാം.
സ്വയം പരിശോധന എങ്ങനെ?
കണ്ണാടിക്ക് മുമ്പിൽ നിന്നു കൊണ്ട് ഇരു മാറുകളും പരിശോധിക്കാം. സ്തനങ്ങളിൽ തടിപ്പുകളോ കല്ലിപ്പോ മുഴകളോ ഉണ്ടോ എന്ന് പരിശോധിക്കാം. മാറിടത്തിൻറെ ആകൃതി, വലിപ്പം എന്നിവയിൽ എന്തെങ്കിലും വ്യത്യാസമോ, അസാധാരണത്വമോ ഉണ്ടോയെന്നും നോക്കുക. ഒപ്പം തന്നെ സ്തനങ്ങളിൽ പാടുകൾ, മുലഞെട്ടുകൾ ഒരുപോലെയാണോ, ഉള്ളിലേക്ക് വലിഞ്ഞിട്ടുണ്ടോ എന്നെല്ലാം പരിശോധിക്കുക.
Post Your Comments