കോന്നി: പത്തനംതിട്ട കോന്നിയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് പഠനസഹായം വാഗ്ദാനം ചെയ്ത് എത്തിയ ബംഗളൂരുവിലെ സ്വകാര്യ ട്രസ്റ്റിന്റെ വലയിൽ കുടുങ്ങി. മകൾ ജീവനൊടുക്കിയത് ഫീസ് അടയ്ക്കാൻ പണമില്ലാത്തതിനാലാണെന്ന് പെൺകുട്ടിയുടെ കുടുംബം പറഞ്ഞു. ബെംഗളൂരുവിലെ നഴ്സിങ് കോളേജിൽ പഠിച്ചിരുന്ന എലിയറയ്ക്കൽ കാളഞ്ചിറ അനന്തുഭവനിൽ അതുല്യയെ (20) ആണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ലോൺ ഉൾപ്പെടെ പഠനസഹായം വാഗ്ദാനം ചെയ്ത് ബംഗളൂരുവിലെ സ്വകാര്യ ട്രസ്റ്റ് ആണ് അതുല്യയ്ക്ക് കർണാടകയിൽ നഴ്സിംഗ് അഡ്മിഷൻ വാങ്ങി നൽകിയത്. കഴിഞ്ഞ വർഷമാണ് ട്രസ്റ്റിന്റെ സഹായത്തോടെ അതുല്യ നഴ്‌സിങ് അഡ്മിഷൻ നേടിയത്. എന്നാൽ, ട്രസ്റ്റ് അധികൃതർ തട്ടിപ്പ് കേസിൽ അറസ്റ്റിലായതോടെ അതുല്യ ഉള്‍പ്പെടെ നിരവധി വിദ്യാർത്ഥികളുടെ പഠനം മുടങ്ങി.
ഒരു വർഷത്തെ കോഴ്സ് പൂർത്തിയാക്കി അതുല്യ അടുത്തിടെ നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍, ട്രസ്റ്റ് അധികൃതരെ വായ്പാതട്ടിപ്പിന് കർണാടക പൊലീസ് അറസ്റ്റ് ചെയ്തതോടെ പഠനം മുടങ്ങുമെന്ന് മകള്‍ മനോവിഷമത്തിലായിരുന്നുവെന്ന് അതുല്യയുടെ പിതാവ് പറഞ്ഞു.
തുടർ പഠനത്തിനുള്ള വായ്പ തേടി ബാങ്കുകളിൽ അതുല്യ പോയെങ്കിലും ലഭിച്ചില്ലെന്നും അതുല്യയുടെ പിതാവ് പറയുന്നു. രണ്ടാം വർഷത്തെ ക്ലാസുകൾക്കായി മകള്‍ ചെന്നപ്പോൾ ആദ്യ വർഷത്തെ ഫീസ് അടച്ച് അഡ്മിഷൻ പുതുക്കി വീണ്ടും ഒന്നാം വർഷം മുതൽ പഠിക്കണമെന്ന് കോളേജ് അധികൃതർ നിർദേശിച്ചു. ഇതോടെ, പണം അടച്ച് അതുല്യ തിരികെ വീട്ടിലേക്ക് പോന്നു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു, എങ്കിലും പലിശയ്ക്കെടുത്തിട്ടായാലും മകളെ പഠിപ്പിക്കുമായിരുന്നുവെന്ന് അതുല്യയുടെ പിതാവ് പറയുന്നു. പഠനം മുടങ്ങുമെന്ന വിഷമത്തിലായിരുന്നു അതുല്യയെന്ന് കൂട്ടുകാരികളും പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് അതുല്യയെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഞായറാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.
Post Your Comments