ബെംഗളൂരു: കോലാറില്‍നിന്ന് രാജസ്ഥാനിലേക്ക് 21 ലക്ഷം രൂപയുടെ തക്കാളിയുമായി പോകുന്നതിനിടെ കാണാതായ ലോറി ഗുജറാത്തിലെ അഹമ്മദാബാദിലുള്ളതായി പൊലീസിന് വിവരം ലഭിച്ചു. രാജസ്ഥാനിലെ ജയ്പൂരിലേയ്ക്ക് കര്‍ണാടകയില്‍ നിന്നും കയറ്റി അയച്ച തക്കാളി ട്രക്ക് കാണാതായതായി കഴിഞ്ഞ ശനിയാഴ്ചയാണ് പൊലീസിന് പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലക്ഷങ്ങള്‍ വില വരുന്ന തക്കാളി, ട്രക്ക് ഡ്രൈവര്‍ അന്‍വറും സഹായിയും മറിച്ച് വിറ്റതായി പൊലീസിന് വിവരം ലഭിക്കുന്നത്.
ലോഡുമായി രാജസ്ഥാനിലേക്ക് പോകുന്നതിന് പകരം ലോറി അഹമ്മദാബാദിലെത്തിച്ച്, ഡ്രൈവര്‍ അന്‍വര്‍ തക്കാളി പകുതി വിലക്ക് വിറ്റതായാണ് വിവരം. തക്കാളി കയറ്റി പോയ ലോറി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മെഹ്ത ട്രാന്‍സ്‌പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ലോറി കോലാറിലെ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് ആന്‍ഡ് ലൈവ്സ്റ്റോക്ക് മാര്‍ക്കറ്റ് കമ്മിറ്റി (എ.പി.എം.സി.) യില്‍നിന്ന് പുറപ്പെട്ടത്. എസ്.വി.ടി. ട്രേഡേഴ്സ്, എ.ജി. ട്രേഡേഴ്സ് എന്നിവരുടെ 15 കിലോഗ്രാം വീതമുള്ള 735 പെട്ടി തക്കാളിയാണ് ലോറിയിലുണ്ടായിരുന്നത്.
ട്രാന്‍സ്‌പോര്‍ട്ട് ഉടമ സാദിഖ് ലോറിയില്‍ ജി.പി.എസ്. ട്രാക്കര്‍ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍, യാത്രക്കിടെ ഡ്രൈവര്‍ ജി.പി.എസ്. ട്രാക്കര്‍ എടുത്തുമാറ്റിയശേഷം ലോറിയുമായി മുങ്ങി. അഹമ്മദാബാദിലേക്കാണ് ലോറി കൊണ്ടുപോയത്. ഇവിടെ വെച്ച് തക്കാളി പകുതി വിലയ്ക്ക് മറിച്ച് വില്‍ക്കുകയായിരുന്നു . കഴിഞ്ഞ ശനിയാഴ്ച രാത്രി ലോറി ജയ്പൂരിലെത്തേണ്ടതായിരുന്നു. എന്നാല്‍ ലോറി എത്താതായതോടെയാണ് ഉടമ സാദിഖ് പൊലീസിനെ സമീപിച്ചത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഡ്രൈവറുടെ ഫോണില്‍ വിളിച്ചെങ്കിലും ബന്ധപ്പെടാനായിട്ടില്ല. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് ആദ്യം നടത്തിയ അന്വേഷണവും പരാജയപ്പെട്ടു. വില കുതിച്ചുയര്‍ന്നതോടെ രാജ്യത്ത് തക്കാളി മോഷണവും അടുത്തിടെ വര്‍ധിച്ചിരുന്നു. ഈ മാസം ആദ്യം കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ നിന്ന് 2.7 ലക്ഷം രൂപയുടെ തക്കാളി മോഷണം പോയിരുന്നു. മണ്‍സൂണ്‍ ശക്തമായതോടെയാണ് രാജ്യത്ത് പച്ചക്കറി വില കുത്തനെ ഉയര്‍ന്നത്. ചില സംസ്ഥാനങ്ങളില്‍ തക്കാളിക്ക് കിലോ 200 രൂപ വരെ കടന്നിരുന്നു.
Post Your Comments