Latest NewsKeralaNews

വീടിനുള്ളില്‍ അതിക്രമിച്ച് കയറി, വൃദ്ധയെ ആക്രമിച്ച് ഒന്‍പതു പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; മധ്യവയസ്‌കന്‍ പിടിയില്‍

കായംകുളം: വീടിനുള്ളില്‍ അതിക്രമിച്ച് കയറി വൃദ്ധയെ ആക്രമിച്ച് താലി മാലയും വളയുമടക്കം ഒന്‍പതു പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മധ്യവയസ്‌കന്‍ പിടിയില്‍. ചേപ്പാട് മുട്ടം ചൂണ്ടുപലക സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ബിജുകുമാര്‍ ചെല്ലപ്പനാണ്(49) പിടിയിലായത്.

എവൂര്‍ തെക്ക് ശ്രീകൃഷ്ണ ഭവനത്തില്‍ രാധമ്മപിള്ള (73)യെയാണ്  ബിജുകുമാര്‍ അക്രമിച്ചത്. തലയ്ക്കും കൈകാലുകള്‍ക്കും പരുക്കേറ്റ വൃദ്ധ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ പിന്‍വാതിലിലൂടെ കടന്നുകയറിയ ബിജു വ്യദ്ധയെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിന്‌ ശേഷം വായില്‍ തുണി തിരുകി തല തറയില്‍ ഇടിപ്പിക്കുകയും കൈകാലുകളില്‍ ചവിട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്‌തെന്ന് വൃദ്ധയുടെ പരാതിയില്‍ പറയുന്നു. ശബ്ദമുണ്ടാക്കാനാവാത്ത വിധത്തില്‍ വൃദ്ധയുടെ മുഖം തുണി കൊണ്ട് അമര്‍ത്തിപ്പിടിച്ച ശേഷം ബിജുകുമാര്‍ മൂന്നര പവന്‍ തൂക്കം വരുന്ന താലി മാലയും അഞ്ചരപ്പവന്‍ തൂക്കം വരുന്ന വളകളും ഊരിയെടുത്ത ശേഷം രക്ഷപ്പെട്ടു.

അവശനിലയിലായിരുന്ന വൃദ്ധ പുറത്തെത്തി വിവരം അയല്‍ക്കാരെ അറിയിക്കുകയായിരുന്നു. ഓടിയെത്തിയ അയല്‍വാസികളാണ് രാധമ്മയെ ഹരിപ്പാട് ഗവ. ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ പരുമലയിലെ ആശുപത്രിയിലേക്ക് മാറ്റി. മകന്‍ വിദേശത്ത് പോയതോടെ കുടുംബവീട്ടില്‍ തനിച്ചാണ് രാധമ്മയുടെ താമസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button