തിരുവനന്തപുരം: ശാസ്ത്ര സത്യങ്ങള്‍ തുറന്നു പറഞ്ഞതിന് സ്പീക്കര്‍ എ.എന്‍ ഷംസീറിനെ വേട്ടയാടാനുള്ള നീക്കം അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. വിമാനം, വന്ധ്യതാ ചികിത്സ, പ്ലാസ്റ്റിക് സര്‍ജറി തുടങ്ങിയവയ്‌ക്കൊക്കെ ശാസ്ത്രീയമായ ചരിത്രമുണ്ട്. ചരിത്രത്തെ നിരസിച്ച് മുന്നോട്ട് പോകുന്ന സമൂഹം അറിവിന്റെ വെളിച്ചത്തിലേയ്ക്കല്ല മറിച്ച് ഇരുട്ടിലേയ്ക്കാണ് പോകുകയെന്ന് ശിവന്‍കുട്ടി പറഞ്ഞു.
Read Also: ചാലയിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് 751 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു
‘പ്രശ്നങ്ങളെയും പ്രതിഭാസങ്ങളെയും ജിജ്ഞാസയോടെയും തുറന്ന മനസോടെയും തെളിവുകളെ അടിസ്ഥാനമാക്കി മനസിലാക്കാനുള്ള അന്വേഷണത്തോടെയും സമീപിക്കുന്ന മനോഭാവമാണ് ശാസ്ത്രബോധം. അനുമാനങ്ങളെ ചോദ്യം ചെയ്യാനും തെറ്റിനെ വെല്ലുവിളിക്കാനും പുതിയ തെളിവുകള്‍ പുറത്തുവരുമ്പോള്‍ മാറ്റങ്ങളെ സ്വീകരിക്കാനുമുള്ള സന്നദ്ധത ഇതില്‍ ഉള്‍പ്പെടുന്നു. ഈ സമീപനം ശാസ്ത്ര പുരോഗതിയുടെ അടിത്തറയാണ്, നമ്മള്‍ ജീവിക്കുന്ന ലോകത്തെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തവുമാണ്’, മന്ത്രി ചൂണ്ടിക്കാട്ടി.
‘തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും കപടശാസ്ത്രവും നിറഞ്ഞ ഒരു ലോകത്ത്, ശാസ്ത്രീയ സാക്ഷരതയുള്ള ഒരു സമൂഹത്തിന് വസ്തുതയും കെട്ടുകഥയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയും. തീരുമാനങ്ങള്‍ കേവലം വിശ്വാസമോ കഥയോ അല്ലാതെ വിശ്വസനീയമായ തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉറപ്പാക്കാന്‍ ആകും. ചെറുപ്പം മുതലേ ശാസ്ത്രീയ മനോഭാവം വളര്‍ത്തിയെടുക്കുന്നതില്‍ വിദ്യാഭ്യാസം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ ശാസ്ത്ര സത്യങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച് വരികയാണ്. എന്‍സിഇആര്‍ടി വെട്ടിമാറ്റിയ ചരിത്ര സംഭവങ്ങളും കേരളത്തിലെ പാഠപുസ്തകങ്ങളില്‍ ഉണ്ടാകും’, മന്ത്രി വ്യക്തമാക്കി.
‘അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാടിയ നവോത്ഥാന നായകരുടെ കേരളമാണ് ഇത്. ശാസ്ത്ര ബോധത്തില്‍ ഊന്നിയാണ് കേരളത്തിന്റെ വളര്‍ച്ച. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയതിന് സ്പീക്കര്‍ എ.എന്‍ ഷംസീറിനെ വേട്ടയാടാനാണ് തീരുമാനമെങ്കില്‍ അതിനെ പ്രതിരോധിക്കും. യുവമോര്‍ച്ചയുടെ ആരോപണങ്ങള്‍ അസംബന്ധമാണ്. ശാസ്ത്രീയത വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു പോകും’, മന്ത്രി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
Post Your Comments