ചെന്നൈ: ഡിഎംകെയെ കുടുംബ പാര്‍ട്ടിയെന്ന് വിളിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി ഡിഎംകെ നേതാവും തമിഴ്‌നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ രംഗത്ത്. അമിത് ഷായുടെ മകന്‍ ജയ് ഷാ എത്ര ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചെന്നും ഇതുവരെ എത്ര റണ്‍സ് നേടിയെന്നും ഉദയനിധി ചോദിച്ചു. അമിത് ഷായുടെ മകന്‍ ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്.
രാമേശ്വരത്ത് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തപ്പോഴായിരുന്നു അമിത് ഷായുടെ കുടുംബ രാഷ്ട്രീയത്തെ കുറിച്ചുള്ള പരാമര്‍ശം. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഡിഎംകെ സഖ്യകക്ഷികളും കുടുംബ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയാണെന്നും ഡിഎംകെ രാജവംശ പാര്‍ട്ടിയാണെന്നും അമിത് ഷാ പറഞ്ഞു.
‘ഞങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ എന്നെ മുഖ്യമന്ത്രിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അമിത് ഷാ പറഞ്ഞു. പക്ഷേ, എനിക്ക് അമിത് ഷായോട് ചോദിക്കണം, നിങ്ങളുടെ മകന്‍ എങ്ങനെ ബിസിസിഐ സെക്രട്ടറിയായി? അദ്ദേഹം എത്ര ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചു, എത്ര റണ്‍സ് നേടി?’. തിരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് ഞാന്‍ എംഎല്‍എയായത്. തുടര്‍ന്ന് മന്ത്രിയായി,’ ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കി.
Post Your Comments