ഓണം അവധിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾക്ക് അനുമതി നൽകി റെയിൽവേ. അവധിക്കാലത്ത് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായാണ് പ്രത്യേക സർവീസുകൾ ആരംഭിക്കുക. ചെന്നൈയിൽ നിന്ന് എറണാകുളത്തേക്കും, ബെംഗളുരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും, താംബരത്തു നിന്ന് മംഗളൂരുവിലേക്കുമാണ് പ്രത്യേക ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് 22-നും സെപ്റ്റംബർ 7-നും ഇടയിലായി ഈ ട്രെയിനുകൾ സർവീസ് നടത്തുന്നതാണ്.
എറണാകുളത്ത് നിന്നും ഓഗസ്റ്റ് 24, 31, സെപ്റ്റംബർ 7 തീയതികളിൽ ചെന്നൈയിലേക്ക് സ്പെഷ്യൽ ട്രെയിൻ പുറപ്പെടും. രാത്രി 9 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.30-ന് ചെന്നൈയിൽ എത്തിച്ചേരുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. അതേസമയം, ഓഗസ്റ്റ് 25, സെപ്റ്റംബർ 1,8 തീയതികളിൽ വൈകിട്ട് 3.10-ന് ചെന്നൈയിൽ നിന്ന് എറണാകുളത്തേക്ക് പ്രത്യേക സർവീസ് ഉണ്ടായിരിക്കുന്നതാണ്.
Also Read: രക്തസമ്മര്‍ദ്ദം ഇല്ലാതാക്കാൻ ചെമ്പരത്തി ചായ
കൊച്ചുവേളിയിൽ നിന്ന് ഓഗസ്റ്റ് 22, 29, സെപ്റ്റംബർ 5 തീയതികളിൽ ബെംഗളൂരുവിലേക്കുളള സ്പെഷ്യൽ ട്രെയിൻ വൈകിട്ട് 6.05-ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 10.55-നാണ് ട്രെയിൻ ബെംഗളൂരുവിൽ എത്തിച്ചേരുക. തിരിച്ചുള്ള സർവീസ് ഓഗസ്റ്റ് 23, 30 സെപ്റ്റംബർ 6 തീയതികളിൽ ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 12.45-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.00 മണിക്കാണ് കൊച്ചുവേളിയിൽ എത്തുക.
താംബരത്തു നിന്നും മംഗളൂരുവിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ ഓഗസ്റ്റ് 22, 29 സെപ്റ്റംബർ 5 തീയതികളിൽ പുറപ്പെടുന്നതാണ്. ഉച്ചയ്ക്ക് 1.30-ന് താംബരത്തു നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.45-ന് മംഗളൂരുവിൽ എത്തും. ഓഗസ്റ്റ് 23, 30, സെപ്റ്റംബർ 6 തീയതികളിൽ രാവിലെ 10.00 മണിക്കാണ് മംഗളൂരുവിൽ നിന്ന് താംബരത്തേക്ക് സർവീസ് ആരംഭിക്കുക. ഈ ട്രെയിനിന്റെ റിസർവേഷൻ ഞായറാഴ്ച മുതലാണ് ആരംഭിക്കുക.
Post Your Comments