രാജ്യത്ത് 5 കോടി രൂപയിലധികം വാർഷിക വിറ്റുവരമുള്ള ബിസിനസ് സ്ഥാപനങ്ങൾക്ക് ജിഎസ്ടി ഇ-ഇൻവോയിസ് നിർബന്ധമാക്കുന്നു. ഓഗസ്റ്റ് 1 മുതലാണ് ഈ കാറ്റഗറിയിൽ ഉൾപ്പെടുന്ന ബിസിനസ് സ്ഥാപനങ്ങൾ ജിഎസ്ടി ഇ-ഇൻവോയിസ് സമർപ്പിക്കേണ്ടത്. ചരക്ക് നീക്കം, സേവനം, കയറ്റുമതി എന്നിവയ്ക്ക് ഇ-ഇൻവോയിസ് ബാധകമാണ്. ജിഎസ്ടി വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റം ആവിഷ്കരിച്ചിരിക്കുന്നത്.
മുൻപ് 10 കോടി രൂപയിലധികം വാർഷിക വിറ്റുവരവ് ഉള്ള ബിസിനസ് സ്ഥാപനങ്ങൾ മാത്രമായിരുന്നു ജിഎസ്ടി ഇ-ഇൻവോയിസ് സമർപ്പിച്ചിരുന്നത്. എന്നാൽ, ഈ പരിധി 5 കോടി രൂപയായി കുറയ്ക്കുകയായിരുന്നു. ഇതോടെ, കൂടുതൽ പേർ ഇ-ഇൻവോയ്സ് സമർപ്പിക്കേണ്ടിവരും. കേരളത്തിൽ മാത്രം ഏകദേശം 5,000-ലധികം പേരാണ് ഈ പരിധിയിൽ ഉൾപ്പെടാൻ സാധ്യത. അതേസമയം, ഇ-ഇൻവോയിസ് നിർബന്ധമാക്കുന്നത് സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് കച്ചവടക്കാർ ആരോപിച്ചിട്ടുണ്ട്.
ജിഎസ്ടി ഇ-ഇൻവോയിസ് നിർബന്ധമാക്കുന്നതോടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്, ജിഎസ്ടി റിട്ടേൺ സമർപ്പണം എന്നിവ കൂടുതൽ സുതാര്യമാകുന്നതാണ്. കൂടാതെ, നികുതി വരുമാനം മെച്ചപ്പെടുത്താനും, വ്യാജ ബില്ലുകൾ ഉപയോഗിച്ച് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിപ്പുകൾ നടത്തുന്നത് തടയാനും സാധിക്കും. ബിസിനസ് സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപാടുകൾക്കാണ് (ബി-2-ബി) ജിഎസ്ടി ഇ-ഇൻവോയിസ് ബാധകം. പ്രത്യേക സാമ്പത്തിക മേഖലയിലെ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, മൾട്ടിപ്ലക്സുകൾ, യാത്രാ സർവീസ് ഏജൻസികൾ എന്നിവയെ ഇ-ഇൻവോയിസ് പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Post Your Comments