KeralaLatest NewsNewsCrime

‘ഹിന്ദിക്കാരുടെ കുട്ടിയല്ലേയെന്ന് പറഞ്ഞ് പലരും വന്നില്ല, പകരം ഞാൻ പൂജാരിയായി’: ആരോപണവുമായി രേവത്

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ അന്ത്യകർമങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതം അറിയിച്ചതായി ആരോപണം. കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തിയ രേവതാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. നിരവധി ഇടങ്ങളിൽ പൂജാരിമാരെ തേടി പോയപ്പോൾ, ‘ഹിന്ദിക്കാരുടെ കുട്ടിയല്ലേ, വരില്ല’ എന്ന മറുപടിയാണ് ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. തനിക്ക് മരണകർമങ്ങളെ കുറിച്ച് അധികം പിടിപാടില്ലെന്നും ഒരു അന്ത്യകർമത്തിൽ മാത്രമേ താൻ നിന്നിട്ടുള്ളൂ എന്നും രേവത് പറയുന്നു.

‘ആലുവയില്‍ പോയി, മാളയില്‍ പോയി, കുറുമശേരിയില്‍ പോയി. ഒരു പൂജാരിയും വന്നില്ല. ചോദിച്ചപ്പോള്‍ പറഞ്ഞത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ്. ആരായാലും മനുഷ്യനല്ലേ. അപ്പോള്‍ ‍ഞാന്‍ കരുതി വേറെ ആരും വേണ്ട. നമ്മുടെ മോളുടെ അല്ലേ. ഞാന്‍ തന്നെ കര്‍മം ചെയ്തോളാം. എനിക്ക് കര്‍മങ്ങള്‍ അത്ര നന്നായി അറിയുന്ന ആളല്ല. ഇതുവരെ ഒരുമരണത്തിന് മാത്രമേ കര്‍മം ചെയ്തിട്ടുള്ളൂ’, രേവത് പറഞ്ഞു.

അതേസമയം, പെൺകുട്ടിക്ക് കണ്ണീരോടെ വിട നൽകി നാട്. മൃതദേഹം കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു. കുട്ടി പഠിച്ച തായ്ക്കാട്ടുകര സ്കൂളിൽ രാവിലെ പൊതുദർശനത്തിനു വെച്ച ശേഷമായിരുന്നു സംസ്കാരം. നാട്ടുകാരും സഹപാഠികളും അധ്യാപകരും അടക്കം നിരവധി പേരാണ് കേരളത്തിന്റെ വേദനയായി മാറിയ അഞ്ച് വയസ്സുകാരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. ദുഃഖം താങ്ങാനാവാതെ അലമുറയിട്ട അമ്മയെ ആശ്വസിപ്പിക്കാൻ വാക്കുകളുണ്ടായിരുന്നില്ല. അധ്യാപകരും സഹപാഠികളും മൃതദേഹത്തിനരികെ വിങ്ങി പൊട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button