KeralaLatest NewsNews

ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച അച്ഛനും മകനും കെഎസ്ആർടിസി ബസിടിച്ചു മരിച്ച സംഭവം: ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും തടവുശിക്ഷ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിടിച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച അച്ഛനും മകനും മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും തടവിന് ശിക്ഷിച്ചു കോടതി. ഡ്രൈവർ വിളപ്പിൽശാല പുന്നത്താനം കുരുവിളച്ചികുഴി സ്വദേശി എ. സുധാകരനെ നാല് വർഷം കഠിനതടവിനും നാലുലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം.

ബസിന്റെ കണ്ടക്ടർ പേരുകാവ് പാവച്ചകുഴി ശ്രീമന്ദിരത്തിൽ ആർഡി പ്രശാന്തനെ ഒരു ദിവസത്തേക്കും 10,000 രൂപ പിഴയ്ക്കും ആണ് ശിക്ഷിച്ചത്. ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൻ മോഹനാണ് ശിക്ഷ വിധിച്ചത്.

കൊച്ചുവേളി ഐഎംഎസ് ഭവനിൽ പാട്രിക്കിനെയും മകൻ ശ്രീജിത്തിനെയും 2012 ഒക്ടോബർ 30ന് വൈകീട്ട് 6.30നാണ് പാറ്റൂർ സെമിത്തേരിക്കു സമീപത്ത് വച്ച് ബസ് ഇടിച്ചത്. ഇവരെ തട്ടിയിട്ട ശേഷം ശരീരത്തിലൂടെ കയറിയിറങ്ങിയെങ്കിലും ബസ് നിർത്താതെ പോയി. അപകടം നടന്ന വിവരം വേ ബില്ലിൽ എഴുതാതെ കൃത്രിമം കാണിച്ച പ്രതികൾ, വെള്ളക്കെട്ടുകളിലൂടെ വാഹനമോടിച്ച് ടയറിൽ പറ്റിയിരുന്ന രക്തക്കറ കഴുകി ക്കളയുകയും ചെയ്തു. കിഴക്കേക്കോട്ടയിൽ നിന്ന് കഴക്കൂട്ടം ഭാഗത്തേക്കു പോകുകയായിരുന്ന ബസാണ് അപകടത്തിനിടയാക്കിയത്.

അമിതവേഗത്തിൽ അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രതികൾ, മനുഷ്യത്വരഹിതമായാണ് മരണപ്പെട്ട അച്ഛനോടും മകനോടും പെരുമാറിയതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button