കോഴിക്കോട്: കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷൻ ജീപ്പ് ആക്രമിച്ച കേസിലെ പ്രതിയ്ക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് സിജെഎം കോടതിയാണ് ശിക്ഷ വിധിച്ചത്. കൊളത്തറ പാലത്തിങ്ങൽ ഹൗസിൽ സുമീറിനെ (26) ആണ് കോടതി ശിക്ഷിച്ചത്.
Read Also : സേഫ് സിറ്റി പദ്ധതി: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ യോഗി സർക്കാർ
2020 ഡിസംബർ 29-ന് അർദ്ധരാത്രിയോടെയാണ് സംഭവം. സുമീറും കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയും ചേർന്ന് കോഴിക്കോട് ദിവാർ ജംഗ്ഷന് പടിഞ്ഞാറുവശം ചെമ്പോട്ടി വളവിൽ വച്ച് ടൗൺ പൊലീസ് സ്റ്റേഷൻ ജീപ്പ് ആക്രമിച്ച് പുറകുവശത്തെ ഗ്ലാസ് കരിങ്കൽ ഉപയോഗിച്ച് തകർക്കുകയായിരുന്നു. അതിനു ശേഷം പ്രതികൾ മാനാഞ്ചിറ എസ് ബി ഐയ്ക്ക് സമീപത്തുവച്ച് ഒരാളുടെ മൊബൈൽ ഫോൺ കവരുകയും ചെയ്തു. 24 മണിക്കൂറിൽ തന്നെ ടൗൺ പൊലീസ് പ്രതികളെ കണ്ടെത്തുകയും ചെയ്തിരുന്നു.
എസ് ഐ കെ ടി ബിജിത്ത് ആണ് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ സംഘത്തിൽ എ എസ് ഐ മുഹമ്മദ് സബീർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിനിൽ കുമാർ, സജേഷ് കുമാർ, അനൂജ് എന്നിവരും ഉണ്ടായിരുന്നു.
Post Your Comments