കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടിവ് എഡിറ്ററെ ലൈംഗികമായി അധിക്ഷേപിച്ച മുന്‍ സബ് ജഡ്ജി എസ് സുദീപിനെതിരെ കേസെടുത്ത് പൊലീസ്. ഇയാൾക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. സിന്ധു സൂര്യകുമാറിനെ അധിക്ഷേപിച്ച സംഭവത്തിൽ ഇദ്ദേഹത്തിനെതിരെ ക്രിമിനല്‍ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജൂലൈ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
തന്റെ ഫേസ്ബുക്കിലെഴുതിയ പോസ്റ്റിലൂടെയാണ് സിന്ധു സൂര്യകുമാറിനെതിരെ എസ് സുദീപ് അശ്ലീല പരാമര്‍ശം നടത്തിയത്. ഈ പോസ്റ്റ് വൈറലായതിന് പിന്നാലെ വന്‍ വിമര്‍ശനം സുദീപിന് ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. സിന്ധു സൂര്യകുമാറിന്റെ വ്യക്തിത്വത്തെ അപമാനിക്കുന്ന രീതിയിലും, ചാനലിനെയും ചാനലിന്റെ മുന്‍നിരയിലുള്ളവരേയും അപമാനിക്കുന്ന തരത്തിലുള്ളതുമായിരുന്നു എസ് സുദീപിന്റെ ഫേസ്ബുക്ക് കുറിപ്പെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
കര്‍ക്കിടകം, ശബരിമല അടക്കമുളള വിഷയങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ എസ് സുദീപ് സോഷ്യല്‍ മീഡിയ വഴി നടത്തിയ പ്രതികരണങ്ങള്‍ വിവാദമായിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയുടെ അന്വേഷണത്തിൽ ഇയാള്‍ കുറ്റം ചെയ്തുവെന്ന് കണ്ടെത്തിയിരുന്നു. ശേഷം ഇയാളെ പിരിച്ചുവിടുകയായിരുന്നു. വിവാദപരമായ കാര്യങ്ങളില്‍ പ്രതികരിക്കരുതെന്ന ചട്ടം എസ് സുദീപ് ലംഘിച്ചെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്. പിന്നാലെ 2021ല്‍ സബ് ജഡ്ജി സ്ഥാനത്ത് നിന്ന് ആലപ്പുഴ എരമല്ലൂര്‍ സ്വദേശിയായ എസ് സുദീപിന് രാജി വച്ചൊഴിയേണ്ടി വന്നു.
Post Your Comments