രാജ്യത്തെ 9 സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ അതീവ അപകടകാരിയായ നിപാ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. കേരളം ഉൾപ്പെടെയുള്ള 9 സംസ്ഥാനങ്ങളിലാണ് നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് (എൻഐവി) വവ്വാലുകളിലെ വൈറസ് സാന്നിധ്യത്തെക്കുറിച്ച് പഠനം നടത്തിയത്. ഈ പഠന റിപ്പോർട്ട് എൻഐവി പുറത്തുവിട്ടിട്ടുണ്ട്.
കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമബംഗാൾ, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. നിലവിൽ, 14 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലും സർവ്വേ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്.
Also Read: റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ചു: യുവാവ് പിടിയിൽ
തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഒഡീഷ, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിച്ചെങ്കിലും, വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. അതേസമയം, അസമിലെ ധുബ്രി ജില്ല, പശ്ചിമ ബംഗാളിലെ മന്യാഗുരി, കൂച്ച് ബിഹാർ എന്നീ പ്രദേശങ്ങളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 2018 ലാണ് കേരളത്തിൽ നിപ വൈറസ് റിപ്പോർട്ട് ചെയ്തത്. അക്കാലയളവിൽ നിപ വൈറസ് ബാധിച്ച 18 പേരിൽ 16 പേരും മരിച്ചിരുന്നു.
Post Your Comments