കോഴിക്കോട്: കേരളത്തില്‍ തെങ്ങ് ചെത്താന്‍ ആളുകളെ കിട്ടാത്തതിന് പിന്നില്‍ രസകരമായ കാരണം ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ‘തെങ്ങില്‍ കയറുന്നവര്‍ക്ക് തഴമ്പുള്ളതിനാല്‍ വധുവിനെ കിട്ടാനില്ല. തെങ്ങ് കയറുന്നവര്‍ക്ക് കൈകളില്‍ തഴമ്പുണ്ടാകും. സൗന്ദര്യ ശാസ്ത്ര പ്രകാരം സ്ത്രീകള്‍ക്ക് ഇത് ഇഷ്ടമല്ല. അതിനാല്‍ അവര്‍ക്ക് പെണ്ണ് കിട്ടാത്ത അവസ്ഥയാണ്. അതുകൊണ്ട് യുവാക്കള്‍ ഇപ്പോള്‍ ഈ തൊഴില്‍ ഇഷ്ടപ്പെടുന്നില്ല’, ഇ.പി ജയരാജന്‍ പറയുന്നു.
കോഴിക്കോട് നടന്ന പത്രസമ്മേളനത്തില്‍ മദ്യനയത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു ഇ.പിയുടെ പരാമര്‍ശങ്ങള്‍. മദ്യനയത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചര്‍ച്ച നടത്താം. ട്രേഡ് യുണിയനുകള്‍ക്ക് എതിര്‍പ്പ് ഉണ്ടാകില്ലെന്നാണ് കരുതുന്നത്. നിയമം കൊണ്ട് മദ്യപാനം ഇല്ലാതാക്കാനാകില്ലെന്നും ഇ.പി പറഞ്ഞു.
‘തെങ്ങില്‍ കയറാന്‍ ആളില്ല അതാണിപ്പോഴത്തെ പ്രശ്‌നം. തേങ്ങ പറിയ്ക്കുന്നില്ല, അതെന്തുകൊണ്ടാണെന്നു വെച്ചാല്‍ ഈ സൗന്ദര്യ ശാസ്ത്രം. പുതിയ ചെറുപ്പക്കാരൊന്നും ചെത്തിനു വരുന്നില്ല, കാരണം കൈയ്ക്കും കാലിനുമൊക്കെ തഴമ്പുണ്ടാകും. അത് സൗന്ദര്യശാസ്ത്ര പ്രകാരം പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ചെത്തിന് പോകുന്നില്ല’.
‘നിലവില്‍ കള്ള് ഷാപ്പില്‍ പോകുന്നത് ഒളിസങ്കേതത്തില്‍ പോകുന്ന പോലെയാണ്. കള്ള് യഥാര്‍ത്ഥത്തില്‍ പോഷകാഹാരമാണ്. ഷാപ്പുകള്‍ പ്രാകൃത കാലഘട്ടത്തില്‍ നിന്ന് മാറണം. ബംഗാളിലൊക്കെ രാവിലെ പനങ്കള്ള് കുടിയ്ക്കുന്നുണ്ട്’, ഇ.പി ജയരാജന്‍ പറഞ്ഞു.
സംസ്ഥാനത്തെ കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനത് ലഹരി പാനീയമായി അവതരിപ്പിക്കാന്‍ ഉള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇ.പിയുടെ പ്രതികരണം.
Post Your Comments