കൊച്ചി: കൊച്ചിയില്‍ ഹോട്ടലുകളില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികളിലെ പരിശോധന കര്‍ശനമാക്കി സിറ്റി പൊലീസ്. ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ഹോട്ടലുകളില്‍ കൂടുതല്‍ ഷാഡോ പൊലീസിനെ അടക്കം വിന്യസിച്ചു നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി കൊച്ചി കടവന്ത്രയിലെ ഹോട്ടലില്‍ ഡിജെ പാര്‍’ട്ടിക്കിടെ ഉണ്ടായ ആക്രമണത്തില്‍ ഹോട്ടല്‍ മാനേജര്‍ക്ക് കുത്തേറ്റിരുന്നു. കേസില്‍ രണ്ടുപേര്‍ അറസ്റ്റിലാകുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കുന്നത്. തിരിച്ചറിയല്‍ രേഖകള്‍ കൃത്യമായി വാങ്ങിയ ശേഷം പ്രവേശനം അനുവദിക്കുക, മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഡിജെ പാര്‍ട്ടി സംഘടിപ്പിക്കുന്നവര്‍ക്ക് പൊലീസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Read Also: ‘മാപ്പർഹിക്കാത്ത തെറ്റ്’- കൊലവിളി മുദ്രാവാക്യം വിളിച്ച പ്രവർത്തകനെ പുറത്താക്കി യൂത്ത് ലീഗ്
ഇവ കൃത്യമായി പാലിക്കുന്നുണ്ടോ എന്നതായിരിക്കും പൊലീസ് പരിശോധിക്കുക. മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയാല്‍ ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് എതിരെ കേസെടുക്കും. ഹോട്ടല്‍ ഉടമകളാണ് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതെങ്കില്‍ അവരും പ്രതികളാകും. ആഘോഷ ദിനങ്ങള്‍ അടുത്തു വരുന്നതിനാല്‍ ഡിജെ പാര്‍ട്ടികളില്‍ വ്യാപകമായി രാസലഹരി ഉപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് അന്വേഷണ ഏജന്‍സികള്‍ നിയന്ത്രണം കടുപ്പിച്ചത്.
Post Your Comments