മുട്ടില്‍ മരംമുറിക്കേസില്‍ റിപ്പോര്‍ട്ടര്‍ ടിവിയും മാതൃഭൂമിയും തമ്മിലുള്ള പോര് മുറുകി. കേരളത്തിലെ ന്യൂസ് ചാനലുകള്‍ക്കെതിരെ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ്ങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍ രംഗത്ത് വന്നതോടെയാണ് മാതൃഭൂമി എംഡി ശ്രേയാംസ് കുമാറിനെതിരെ ചാനല്‍ ഇന്ന് വെളിപ്പെടുത്തലുകള്‍ നടത്തിയത്. വയനാട്ടിലെ മരം മുറിക്ക് പിന്നില്‍ അഗസ്റ്റിന്‍ സഹോദരങ്ങളായിരുന്നുവെന്ന് ഇന്നലെ മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ മരം മുറികേസ് ശ്രേയാംസ് കുമാറിന്റെ ഗൂഢാലോചനയെന്ന് ആന്റോ അഗസ്റ്റിന്‍ പറഞ്ഞിരുന്നു.
ശ്രേയാംസ് കുമാര്‍ കഴിഞ്ഞ 25 വര്‍ഷമായി വയനാട്ടില്‍ നിന്ന് മരം മുറിച്ച് കടത്തുന്നുണ്ട്. എന്നാല്‍ ശ്രേയാംസ് കുമാറിന്റെ അനധികൃത മരംമുറിയില്‍ അന്വേഷണം നടക്കുന്നില്ലെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞിരുന്നു. മരംമുറി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും തങ്ങള്‍ക്കെതിരെ ഗൂഢലക്ഷ്യത്തോടെ കള്ളക്കേസ് എടുത്തെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.
‘ശ്രേയാംസ് കുമാര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് രക്ഷപ്പെടുന്നത്. വയനാട്ടില്‍ എംവി ശ്രേയാംസ് കുമാര്‍ വനം, ആദിവാസി ഭൂമി കയ്യേറിയിട്ടുണ്ട്.’ മറ്റ് ബിസിനസുകാരെ ഇല്ലാതാക്കാനാണ് ശ്രേയാംസ് കുമാര്‍ ശ്രമിക്കുന്നതെന്നും ആന്റോ ആരോപിച്ചു. പട്ടയഭൂമിയില്‍ നിന്ന് പ്രത്യേക മരങ്ങള്‍ മുറിക്കാം എന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചതിന് ശേഷവും വയനാട്ടില്‍ മരംമുറി നടന്നെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് അടക്കം ചാനല്‍ ഇന്നു പുറത്തുവിട്ടു.
‘കൃഷ്ണഗിരി എസ്റ്റേറ്റില്‍ ലക്ഷങ്ങള്‍ വിലവരുന്ന 36 വീട്ടിമരങ്ങള്‍ അടക്കം നൂറിലേറെ മരങ്ങള്‍ മുറിച്ചെന്ന കലക്ടറുടെ റിപ്പോര്‍ട്ട് റിപ്പോര്‍ട്ടര്‍ ടിവി സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് ലഭിച്ചു. മരം മുറിച്ചത് പൂര്‍ണമായും ഗവണ്‍മെന്റ് ഭൂമിയിലേത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വീട്ടിയും തേക്കും അടക്കം നൂറിലേറെ മരങ്ങളാണ് മുറിച്ചത്. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്‍മേല്‍ ഒരു നടപടിയും വനംവകുപ്പ് സ്വീകരിച്ചിട്ടില്ല. മരംമുറിക്ക് അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ യാതൊരു നടപടിയും വനംവകുപ്പെടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
വില്ലേജ് ഓഫീസറെ മാത്രമാണ് സസ്പെന്‍ഡ് ചെയ്തത്. മേപ്പാടി റേഞ്ച് ഓഫീസറാണ് സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് മരം മുറിക്കാന്‍ അനുമതി നല്‍കിയത്. സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് മരം മുറിക്കാന്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് അനുമതി നല്‍കിയത്. ഒന്നര വര്‍ഷം മുന്‍പ് നടന്ന ഈ സംഭവത്തില്‍ നാല് മാസം മുന്‍പാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതില്‍ ദുരൂഹതയുണ്ട്. മുട്ടില്‍ മരംമുറി കേസില്‍ നടപടികള്‍ സ്വീകരിച്ച സര്‍ക്കാര്‍ ഏജന്‍സികള്‍ കൃഷ്ണഗിരി എസ്റ്റേറ്റിലെ വ്യാപക മരംമുറി കണ്ടില്ലെന്ന് നടിക്കുകയാണ്’ എന്നും റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments