തിരുവനന്തപുരം: ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചുവെന്ന് ആരോപിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍. ഷംസീറിനെതിരെ സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും പരാതി നല്‍കാനാണ് വിശ്വഹിന്ദു പരിഷത്ത് തീരുമാനം. പല സ്റ്റേഷനുകളിലും ഇതിനകം പരാതികള്‍ നല്‍കി. കൂടാതെ, ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും വിശ്വഹിന്ദു പരിഷത്ത് നിവേദനം നല്‍കും.
30ന് എറണാകുളത്തു നടക്കുന്ന വിഎച്ച്പി സംസ്ഥാന ഗവേണിങ് ബോര്‍ഡ് യോഗത്തില്‍ മറ്റ് പ്രതിഷേധ പരിപാടികളെ കുറിച്ച് തീരുമാനമെടുക്കും. സ്പീക്കര്‍ സ്ഥാനത്തിരിക്കുന്നയാളുടെ ഭാഗത്തു നിന്ന് പൊറുക്കാന്‍ കഴിയാത്ത തെറ്റാണ് ഉണ്ടായതെന്ന് വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി ആര്‍ രാജശേഖരന്‍ പറഞ്ഞു. സ്പീക്കര്‍ ഷംസീര്‍ മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദിയും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഷംസീറിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ബിജെപിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആര്‍ എസ് രാജീവ് ആണ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഗണപതി എന്ന ഹൈന്ദവ ആരാധനാമൂര്‍ത്തി കേവലം മിത്തു മാത്രമാണെന്ന് ഷംസീര്‍ പ്രസംഗിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. യുക്തിചിന്ത വളര്‍ത്തുകയാണ് എന്ന വ്യാജേന ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുകയാണ് സ്പീക്കര്‍ ചെയ്യുന്നതെന്നും ബിജെപി നേതാവിന്റെ പരാതിയില്‍ ആരോപിക്കുന്നുണ്ട്.
Post Your Comments