ഡൽഹി ഓർഡിനൻസിന് പകരം നിർമ്മിച്ച ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബില്ല് വർഷകാല സമ്മേളനത്തിൽ തന്നെ പാർലമെൻ്റിൽ അവതരിപ്പിക്കും. ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും സംബന്ധിച്ച അധികാരം കേന്ദ്രത്തിന് നൽകുന്നതായിരുന്നു കേന്ദ്രസർക്കാർ ആദ്യം പുറത്തിറക്കിയ ഓർഡിനൻസ്. മെയ് 19-നാണ് ഈ ഓർഡിനൻസ് പുറപ്പെടുവിച്ചത്. ഡൽഹി സർക്കാറിന് അനുകൂലമായ സുപ്രിംകോടതിവിധി മറികടക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.
ലെഫ്റ്റ്നന്റ് ഗവർണർ വി കെ സക്‌സേന കൂടി ഉൾപ്പെട്ട സമിതിക്ക് ഉദ്യോഗസ്ഥരുടെ നിയമനാധികാരം നൽകിക്കൊണ്ടാണ് പുതിയ ഓർഡിനൻസ് പുറത്തിറക്കിയത്. ഡൽഹി, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ്, ദാമൻ ദിയു, ദാദ്ര ആന്റ് നഗർ ഹവേലി (സിവിൽ) സർവീസസ് (ഡാനിക്സ്) കേഡറിൽ നിന്നുള്ള ഗ്രൂപ്പ്-എ ഓഫീസർമാരുടെ കൈമാറ്റത്തിനും അച്ചടക്ക നടപടികൾക്കുമായി നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റി രൂപീകരിക്കാനാണ് ഓർഡിനൻസ് ശ്രമിക്കുന്നത്.
ജൂലൈ 20ന് കേന്ദ്രസർക്കാരിന്റെ ഓർഡിനൻസിനെ ചോദ്യം ചെയ്ത് ഡൽഹി സർക്കാരിന്റെ ഹർജി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. സേവനങ്ങളുടെ മേലുള്ള നിയന്ത്രണം എടുത്തുകളയാൻ നിയമം ഉണ്ടാക്കി കേന്ദ്രത്തിന് ഭരണത്തിന്റെ ഭരണഘടനാ തത്വങ്ങൾ റദ്ദാക്കാൻ കഴിയുമോ എന്ന് ഭരണഘടനാ ബെഞ്ച് പരിശോധിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു.
Post Your Comments