കുറഞ്ഞ കാലയളവ് കൊണ്ട് സൂപ്പർ ഹിറ്റായി മാറിയ കെഎസ്ആർടിസിയുടെ സ്ലീപ്പർ ബസ് സർവീസ് കൂടുതൽ ഇടങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. വിനോദസഞ്ചാരികൾ എത്തുന്ന സ്ഥലങ്ങളും, കെഎസ്ആർടിസി ഡിപ്പോകൾ ഉള്ള സ്ഥലങ്ങളുമാണ് സർവീസിനായി പരിഗണിക്കുന്നത്. കുറഞ്ഞ നിരക്കിൽ രാത്രികാല താമസം ഒരുക്കുന്നുവെന്നതാണ് സ്ലീപ്പർ ബസുകളുടെ പ്രധാന പ്രത്യേകത. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് രണ്ട് വർഷം മുൻപാണ് സ്ലീപ്പർ ബസുകളുടെ സേവനം ആരംഭിച്ചത്.
സുൽത്താൻ ബത്തേരി, മൂന്നാർ തുടങ്ങിയ ഡിപ്പോകളിൽ സ്ലീപ്പർ ബസുകളുടെ സേവനം ലഭ്യമാണ്. ഓഫ് സീസണിലും ഏകദേശം 80 ശതമാനത്തോളം ബർത്തുകൾക്കും ആവശ്യക്കാർ എത്തുന്നുണ്ട്. ഇത്തരത്തിൽ മൂന്നാർ ഡിപ്പോയിൽ 10 ബസുകളും, ബത്തേരി ഡിപ്പോയിൽ 5 ബസുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. നിലവിലുള്ള സ്ലീപ്പർ ബസുകളിൽ താമസ സൗകര്യത്തിനായി തിങ്കൾ മുതൽ വെള്ളി വരെ മുൻകൂട്ടി ചെയ്യാവുന്നതാണ്. എന്നാൽ, അവധി ദിനങ്ങളിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ വഴി എത്തുന്ന സഞ്ചാരികൾക്ക് ബർത്ത് നൽകിയ ശേഷം ബാക്കി വരുന്നവയാണ് മറ്റുള്ളവർക്ക് നൽകുക.
ബ്ലാങ്കറ്റോടുകൂടിയ ബർത്തിന് 220 രൂപയും, ബ്ലാങ്കറ്റ് ഇല്ലാത്ത ബർത്തിന് 160 രൂപയുമാണ് ഈടാക്കുക. ട്രെയിനുകളിൽ ഉള്ളതുപോലെ അപ്പർ ബത്തുകൾ, ലോവർ ബർത്തുകൾ എന്നിവ ലഭ്യമാണ്. 15 വർഷം കഴിഞ്ഞ സ്ക്രാപ്പ് ചെയ്യാനിട്ട ബസുകളാണ് ഇത്തരത്തിൽ സ്ലീപ്പർ ബസുകളായി ഉപയോഗിക്കുന്നത്. ഇവയിൽ നിന്ന് കോടികളുടെ വരുമാനം ഇതിനോടകം കെഎസ്ആർടിസി നേടിയിട്ടുണ്ട്.
Post Your Comments