ഡൽഹി: മണിപ്പൂരിലെ വിവാദ വീഡിയോ കോൺഗ്രസ് രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ രാഷ്ട്രീയ ഒത്തുതീർപ്പിനുള്ള ഉപകരണമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു.
‘സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ രാഷ്ട്രീയ ഒത്തുതീർപ്പിനുള്ള ഉപകരണമായി ഉപയോഗിക്കുന്നത് നിർത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഉത്തരം പറയേണ്ടിവരും. അത് അറിയാവുന്നതുകൊണ്ടാണ് മണിപ്പൂരിനെക്കുറിച്ചുള്ള ചർച്ചയിൽ കോൺഗ്രസ് ഒളിച്ചോടുന്നത്,’ സ്മൃതി ഇറാനി വ്യക്തമാക്കി.
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം ചർച്ച ചെയ്യാതിരിക്കാൻ കോൺഗ്രസ് പാർലമെന്റ് സമ്മേളനങ്ങൾ തുടർച്ചയായി തടസപ്പെടുത്തുന്നു. ചർച്ചകളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം ഒഴിവാക്കുകയാണെന്നും സ്‌മൃതി ഇറാനി ആരോപിച്ചു. മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭ നടപടികൾ സ്തംഭിച്ചതിന് പിന്നാലെയാണ് സ്മൃതി ഇറാനിയുടെ പരാമർശം.
Post Your Comments