തിരുവനന്തപുരം: കിഫ്ബി എടുക്കുന്ന കടം മുന്‍കാല പ്രാബല്യത്തില്‍ കേരളത്തിന്റെ പൊതുകടമെടുപ്പ് അവകാശത്തിന്റെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ടി എം തോമസ് ഐസക്. കേരളത്തിന്റെ നിലവിലെ ജിഎസ്ടി വരുമാന വളര്‍ച്ച നിരക്കില്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘കേന്ദ്ര ധനകമ്മീഷന്‍ പരിഗണനകളിലെങ്ങും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റിനുപുറത്തുള്ള വായ്പകള്‍ അതത് സര്‍ക്കാരിന്റെ പൊതുകടമെടുപ്പിന്റെ ഭാഗമാക്കുന്നില്ല. കേന്ദ്ര സര്‍ക്കാരും വിവിധ കേന്ദ്ര ഏജന്‍സികളും വകുപ്പുകളും വലിയതോതില്‍ ബജറ്റിനുപുറത്ത് ധനസമാഹരണം നടത്തുന്നു. ഇതിനെ സര്‍ക്കാരിന്റെ കടമെടുപ്പുമായി ബന്ധിപ്പിക്കുന്നില്ല. എന്നാൽ, കിഫ്ബി എടുക്കുന്ന കടം മുന്‍കാല പ്രാബല്യത്തില്‍ കേരളത്തിന്റെ പൊതുകടമെടുപ്പ് അവകാശത്തിന്റെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ല,’ തോമസ് ഐസക് വ്യക്തമാക്കി.
ഈ നില തുടര്‍ന്നാല്‍ കേരളം ധനദൃഢീകരണ പാതയില്‍ മടങ്ങിയെത്തുമെന്നും തോമസ് ഐസക് പറഞ്ഞു. ‘കഴിഞ്ഞവര്‍ഷം ജിഎസ്ടിയില്‍ 22 ശതമാനം വളര്‍ച്ച നിരക്ക് രേഖപ്പെടുത്തി. ഇതേസ്ഥിതി ഈ വര്‍ഷവും തുടരുന്നത് ആശ്വാസകരമാണ്. പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാകുന്ന ഇ-വേ ബില്ലും ജിഎസ്ടിഎന്‍ നെറ്റുവര്‍ക്കും സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പുനഃസംഘടനയും പ്രതീക്ഷിക്കുന്ന വരുമാനം ഉറപ്പാക്കിയാല്‍ 2006-13ല്‍ സാധ്യമാക്കിയ 23 ശതമാനം വരുമാന വളര്‍ച്ച തുടര്‍ന്നും സാധ്യമാക്കാനാകും. സാമ്പത്തിക ദൃഢീകരണം സാധ്യമാക്കും,’ തോമസ് ഐസക് പറഞ്ഞു.
Post Your Comments