മഹാരാഷ്ട്രയിലെ റായ്ഗഡിലെ ഇർഷൽവാഡി ഗ്രാമത്തിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് നടത്തുന്ന രക്ഷാപ്രവർത്തനം നിർത്തിവെച്ചു. രക്ഷാപ്രവർത്തകരും സംസ്ഥാന സർക്കാരും ഗ്രാമവാസികളും തമ്മിൽ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ഭരണകൂടം രക്ഷാപ്രവർത്തനം നിർത്തിവച്ചത്. ഉരുൾപൊട്ടലിൽ ഇതുവരെ 27 പേർക്കാണ് ജീവൻ നഷ്ടമായത്. അതേസമയം, കാണാതായ 78 പേരെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
തുടർച്ചയായ നാല് ദിവസത്തിന് ശേഷമാണ് ഇന്ന് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്. പ്രദേശത്ത് മൃഗങ്ങളുടേതടക്കം മൃതദേഹങ്ങൾ അഴുകിയതിനാൽ ദുർഗന്ധം വമിക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ദുരന്തത്തിൽ നഷ്ടപ്പെട്ട ഭൂമി റവന്യൂ സംഘം വിലയിരുത്തി വരികയാണെന്നും, ദുരിതബാധിതർക്ക് ഭൂമി അനുവദിക്കുന്നതിനുള്ള നിർദ്ദേശം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്നും അധികൃതർ വ്യക്തമാക്കി.
Also Read: മണിപ്പൂരിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി
മുംബൈലിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള കുന്നിൻ ചെരുവിലാണ് ഇർഷൽവാഡി ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഉൾപ്രദേശമായതിനാൽ ഈ മേഖലയിലെ രക്ഷാപ്രവർത്തനവും ദുഷ്കരമായിരുന്നു. ജൂലൈ 19-നാണ് പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായത്. തുടർച്ചയായി പെയ്ത മഴയും രക്ഷാപ്രവർത്തനത്തിൽ പ്രതികൂലമായി ബാധിച്ചിരുന്നു.
Post Your Comments