അരീക്കോട്: ഇൻഷുർ തുക തട്ടിയെടുക്കാനായി ഭാര്യയെയും രണ്ടു മക്കളെയും വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ ഓടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി വാവൂർ കൂടാന്തൊടി മുഹമ്മദ് ഷരീഫ് ജാമ്യത്തിലിറങ്ങി മുങ്ങിയിട്ട് പത്ത് വർഷം.
ഇയാളെക്കുറിച്ച് ഒരു സൂചന പോലും കണ്ടെത്താൻ പോലീസിനു ഇതുവരെയും കഴിഞ്ഞിട്ടില്ല. തന്റെ പേരിലുള്ള വാഹനവും സ്വത്തുക്കളും വിറ്റശേഷമാണ് ജാമ്യവ്യവസ്ഥ ലംഘിച്ച് ഷരീഫ് മുങ്ങിയത്.
2013 ജൂലായ് 21ന് രാത്രി രണ്ട് മണിക്കാണ് കൊലപാതകം നടന്നത്. ഷരീഫിന്റെ ഭാര്യ ഒളവട്ടൂർ മായാങ്കര തടത്തിൽ സ്വാബിറ (21), ഫാത്തിമ ഫിദ (നാല്), ഹൈഫ (രണ്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്.
ചെറിയ പെരുന്നാളിന് വസ്ത്രം എടുക്കാനായി പോയപ്പോഴാണ് അപകടം. എല്ലാം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നു വെന്ന് അന്വേഷണത്തിൽ പോലീസിന് മനസ്സിലായി. കാറുണ്ടായിട്ടും കനത്തമഴയിൽ സ്കൂട്ടറിലാണ് വസ്ത്രമെടുക്കാൻ കോഴിക്കോട്ടേക്കു പോയത്.
രാത്രിയിൽ പദ്ധതി നടപ്പാക്കാൻ സമയം പരമാവധി വൈകിപ്പിക്കുകയും ചെയ്തു. സംഭവം നടക്കുന്നതിന് ഒരു മാസം മുൻപ് ഷരീഫ് മക്കളെയും ഇൻഷുർചെയ്യാൻ ശ്രമം നടത്തിയിരുന്നു.
എന്നാൽ കുട്ടികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ അതിനു സാധിച്ചില്ല. ഭാര്യയെ മാത്രം 10 ലക്ഷം രൂപയ്ക്ക് ഇൻഷുർ ചെയ്യുകയായിരുന്നു.
ഭാര്യയും മക്കളും മരിച്ചെന്ന് ഉറപ്പു വരുത്തിയ ഷരീഫ് മരിച്ച ചെറിയ കുട്ടിയെ ചുമലിൽ കിടത്തിയാണ് സമീപവാസിയോട് സഹായം അഭ്യർഥിച്ചത്. ടയർ പഞ്ചറായതിനാൽ സ്കൂട്ടർ പാളിപ്പോയെന്നും പോക്കറ്റ് റോഡിലേക്ക് ഇറങ്ങിയാണ് വെള്ളക്കെട്ടിൽ വീണതെന്നുമായിരുന്നു ഇയാളുടെ വിശദീകരണം.
അടുത്തദിവസം രാവിലെ സ്കൂട്ടിന്റെ ടയർ പരിശോധിച്ച പോലീസിന് കൊലപാതകമാണെന്ന് വ്യക്തമായിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇൻഷുർ തുക തട്ടിയെടുത്ത ശേഷം മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുകയാണ് പദ്ധതിയെന്ന് മനസ്സിലായത്. അറസ്റ്റിലായ ഷരീഫിനെ മാതാവും ഒരു സഹോദരനും ചേർന്നാണ് ജാമ്യത്തിലിറക്കിയത്.
Post Your Comments