യുവ ഡോക്ടറെ സുഹൃത്തിന്റെ ഫ്ലാറ്റ് സമുച്ചയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പീഡിയാട്രിക് സർജനായ ശുഭാംഗർ ചക്രവർത്തി(37)യെയാണ് കൊൽക്കത്ത ഇ.എം. ബൈപ്പാസിലെ പാർപ്പിടസമുച്ചയ വളപ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അഞ്ചുനില കെട്ടിടത്തിനോട് ചേർന്നുള്ള ഇടനാഴിയിലാണ് ചോരയിൽകുളിച്ച നിലയിൽ മൃതദേഹം കണ്ടതെന്നും പൈപ്പ് വഴി ഇറങ്ങാൻശ്രമിക്കുന്നതിനിടെ താഴേക്ക് വീണെന്നാണ് ഡോക്ടറുടെ ഫേയ്സ്ബുക്ക് സുഹൃത്തിന്റെ മൊഴിയെന്നും പോലീസ് പറഞ്ഞു.
പീഡിയാട്രിക് സർജനായ ശുഭാംഗർ കൊൽക്കത്ത നഗരത്തിലെ പ്രശസ്തനായ ഡോക്ടറായിരുന്നു. നഗരത്തിൽ കുട്ടികളുടെ ഒരു ആശുപത്രിയിലാണ് ഇദ്ദേഹം ജോലിചെയ്തിരുന്നത്. ഡോക്ടറായ ഭാര്യയ്ക്കും കുട്ടിക്കും ഒപ്പമായിരുന്നു താമസം സംഭവമുണ്ടായത് ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണെന്നാണ് പോലീസ് പറയുന്നത്. തായ്‌ലാൻഡ് സ്വദേശിനിയായ 43 വയസ്സുകാരിയാണ് ഡോക്ടറുടെ ഫെയ്‌സ്ബുക്ക് സുഹൃത്ത്. നേപ്പാൾ സന്ദർശനത്തിന് ശേഷം മേയ് മാസം 23-നാണ് ഇവർ ഇന്ത്യയിലെത്തിയത്. കൊൽക്കത്തയിൽ ഇ.എം. ബൈപ്പാസിലെ ഫ്‌ളാറ്റിൽ വാടകയ്ക്കായിരുന്നു യുവതിയുടെ താമസം.
തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് ഡോക്ടർ ഫ്‌ളാറ്റിലെത്തിയതെന്നും പുലർച്ചെ ഇവിടെനിന്ന് മടങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായെന്നുമാണ് തായ്‌ലാൻഡ് സ്വദേശിനിയുടെ മൊഴി. അർദ്ധരാത്രിക്ക് ശേഷം ഡോക്ടർക്ക് സ്വന്തം വീട്ടിൽനിന്ന് നിരന്തരം ഫോൺകോളുകൾ വന്നു. തുടർന്ന് ഫ്‌ളാറ്റിൽനിന്ന് വീട്ടിലേക്ക് പോകാനിറങ്ങിയെങ്കിലും ഗേറ്റ് അടച്ചുകിടന്നതിനാൽ കെട്ടിടത്തിന്റെ പുറത്തേക്ക് പോകാനായില്ല. സെക്യൂരിറ്റി ജീവനക്കാരനെയും ഈ സമയം അവിടെ കണ്ടില്ല.
ഇതോടെ ഡോക്ടർ ടെറസിലേക്ക് പോകുകയും കെട്ടിടത്തിലെ പൈപ്പ് വഴി താഴേക്ക് ഇറങ്ങാൻ ശ്രമിച്ചെന്നും ഇതിനിടെ താഴേക്ക് വീണ് അപകടം സംഭവിച്ചെന്നുമാണ് യുവതി പറയുന്നത്. മദ്യലഹരിയിലായിരുന്നതും അപകടത്തിന് കാരണമായെന്നും യുവതി പോലീസിനോട് പറഞ്ഞു. അപകടമുണ്ടായ ഉടൻ ഡോക്ടറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തിൽ ഇതുവരെ മറ്റു ദുരൂഹതകളൊന്നം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസിന്റെ പ്രതികരണം. അതേസമയം, തായ്‌ലാൻഡ് സ്വദേശിനിയെ വീണ്ടും ചോദ്യംചെയ്യുമെന്നും എല്ലാവശങ്ങളും പരിശോധിക്കുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങളും ഫോൺവിളി വിവരങ്ങളും പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments