ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ട്രാൻസ്‌ഫോമർ പൊട്ടിത്തെറിച്ച് 15 പേർ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയോട് സംസാരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഭവത്തിന്റെ വിശദ വിവരങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. ചമോലി നഗരത്തിലെ മലിനജല ശുദ്ധീകരണ പ്ലാന്റിന് സമീപത്തെ ട്രാൻസ്ഫോർമറാണ് പൊട്ടിത്തെറിച്ചത്.
വളരെ ദുഃഖകരമായ സംഭവമാണിതെന്ന് അമിത് ഷാ പറഞ്ഞു. താൻ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുമായി സംസാരിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. പരിക്കേറ്റവർക്ക് ചികിത്സ നൽകാനുള്ള ശ്രമത്തിലാണ് ഭരണകൂടം. മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
നമാമി ഗംഗെ പദ്ധതി പ്രദേശത്തെ ട്രാൻസ്ഫോർമറാണ് പൊട്ടിത്തെറിച്ചത്. രാവിലെ 11.35 നായിരുന്നു അപകടം. പരിക്കേറ്റ രണ്ട് പേരെ ഹെലികോപ്റ്ററിൽ റിഷികേശിലെ എയിംസിലേക്ക് മാറ്റി. ചമോലിക്കടുത്ത് ഗോപേശ്വർ ആശുപത്രിയിലാണ് പരിക്കേറ്റ അഞ്ച് പേർ ചികിത്സയിലുള്ളത്.
Post Your Comments