തിരുവനന്തപുരം: ജർമനിയുടെ തൊഴിൽ, സാമൂഹ്യകാര്യ മന്ത്രി ഹുബേർട്ടസ് ഹേലിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ തൊഴിൽ മേഖലയ്ക്ക് ഊർജം പകരാനുള്ള സാധ്യതകളാരാഞ്ഞായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. അറിവും നൈപുണിയും കൈമുതലായ നമ്മുടെ തൊഴിൽശക്തിയെ ഏതെല്ലാം രീതിയിൽ ജർമനിക്ക് ഉപയോഗപ്പെടുത്താമെന്ന് ചർച്ചയിൽ വ്യക്തമാക്കി.
നോർക്ക റൂട്ട്‌സിന് കീഴിലെ ‘ട്രിപ്പിൾ വിൻ’ പദ്ധതിയുടെ ഭാഗമായി ഒരു തൊഴിൽ കരാർ ഒപ്പിടാനുള്ള സാധ്യതകൾ കൂടിക്കാഴ്ചയിലുന്നയിച്ചു. ഇത് നടപ്പിലായാൽ തൊഴിൽ മേഖലയിലെ സഹകരണത്തിനായി ജർമനിയുമായി കരാർ ഒപ്പിടുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ആതുര സേവന രംഗത്ത് കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക് വലിയ സാധ്യതകളുള്ള സമയമാണ്. ജർമനിയുമായി ഒപ്പുവെക്കുന്ന തൊഴിൽ കരാർ നഴ്സുമാരുടെ വലിയ തോതിലുള്ള റിക്രൂട്ട്‌മെന്റിനുള്ള അവസരങ്ങൾ സൃഷ്ടിക്കും. കൂടാതെ ഐടി മേഖലയുൾപ്പെടെ എൻജിനീയറിങ് ബിരുദധാരികൾക്ക് കൂടുതൽ തൊഴിലവസരമൊരുക്കാൻ ഇതുവഴി സാധിക്കുമെന്ന് കരുതുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയായി വളരാനുള്ള കേരള സമൂഹത്തിന്റെ സ്വപ്നങ്ങൾക്ക് വലിയ ഊർജം പകരുന്നതായിരുന്നു കൂടിക്കാഴ്ച്ചയെന്നും ഇത് വലിയ ചുവടുവെപ്പുകൾക്കുള്ള തുടക്കമാകുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments