തിരുവനന്തപുരം: ഭക്ഷണം പാചകം ചെയ്യുന്നതു സംബന്ധിച്ച തർക്കത്തിന്റെ പേരിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഒഡീഷ സ്വദേശി ബലിയ നായക്കി(28)നെ ആണ് കോടതി ശിക്ഷിച്ചത്. സുഹൃത്തായ ബിപിൻ മഹാപത്രയെ കൊലപ്പെടുത്തിയ കേസിൽ ആണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി ജി. രാജേഷിന്റേതാണ് ഉത്തരവ്.
2018 ഡിസംബർ 23-ന് രാത്രിയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട ബിപിൻ മഹാപത്രയോടും പ്രതിയൊടുമൊപ്പം താമസിച്ചിരുന്ന സുഹൃത്തും കേസിലെ സാക്ഷിയുമായ പ്രദീപ്കുമാർ ജെന്ന പാചകം ചെയ്യുന്ന ഭക്ഷണം മോശമാണെന്നും സമയത്ത് ഭക്ഷണം പാചകം ചെയ്യുന്നില്ലെന്നും പറഞ്ഞ് ബിപിൻ മഹാപത്ര പ്രദീപ് കുമാറിനെ വഴക്കു പറഞ്ഞതിനെ പ്രതി ചോദ്യം ചെയ്തു. തുടർന്ന്, കൊല്ലപ്പെട്ട ബിപിൻ പ്രതിയെ ചീത്തവിളിക്കുകയും മർദിക്കുകയും ചെയ്തു. ഇതിലുള്ള വിരോധത്താൽ പ്രതി ബിപിനെ കൊലപ്പെടുത്തി എന്നാണ് പൊലീസ് കേസ്. കഠിനംകുളത്ത് ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള ഷീറ്റു മേഞ്ഞ വീട്ടിൽ വാടകയക്കാണ് അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്നത്.
കേസിൽ പ്രധാന സാക്ഷികളായ പ്രദീപ് കുമാറും, ആ വീട്ടിൽ താമസമുണ്ടായിരുന്ന സാക്ഷികളും പ്രതി കൊല നടത്തുന്നത് നേരിൽ കണ്ടതായി മൊഴി നൽകി. കഴക്കുട്ടം പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി. പ്രിയൻ, ഡി.ജെ. റെക്സ് എന്നിവർ ഹാജരായി.
Post Your Comments