ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാൻ -മൂന്ന് ദൗത്യം പരാജയപ്പെടുമെന്ന് ട്വീറ്റ് ചെയ്ത അധ്യാപകൻ വിവാദത്തിൽ. മല്ലേശ്വരം പി.യു കോളജിലെ കന്നട അധ്യാപകൻ ഹുലികുണ്ടെ മൂർത്തിയാണ് ദൗത്യത്തെ പരിഹസിച്ച് ട്വിറ്ററിൽ പോസ്റ്റിട്ടത്. പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് ശ്രദ്ധേയമായത്. രാജ്യത്തിന് അഭിമാനമായ ചാന്ദ്രയാൻ ദൗത്യത്തെ രാജ്യത്തിരുന്ന് കൊണ്ട് തന്നെ പരിഹസിച്ചത് അംഗീകരിക്കാനാകില്ലെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.
പിന്നാലെ അധ്യാപകനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമർശനം ഉയർന്നു. വിവാദമായതോടെ സംസ്ഥാന സർക്കാർ അധ്യാപകനോട് വിശദീകരണം ആവശ്യപ്പെട്ടു. ചന്ദ്രയാൻ-3 ഇത്തവണയും പരാജയപ്പെടും എന്നായിരുന്നു അധ്യാപകന്‍റെ ട്വീറ്റ്. തിങ്കളാഴ്ചയാണ് ചന്ദ്രയാൻ -മൂന്നിനെ കുറിച്ചുള്ള മൂർത്തിയുടെ സമൂഹമാധ്യമ പോസ്റ്റ് തന്‍റെ ശ്രദ്ധയിൽപെടുന്നതെന്ന് പ്രീ യൂനിവേഴ്സിറ്റി ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
‘അത്തരത്തിലൊരു കുറിപ്പ് പോസ്റ്റ് ചെയ്തതിനെ കുറിച്ച് അധ്യാപകനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച അദ്ദേഹം മറുപടി നൽകും. ഇതിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. വിഷയത്തിൽ ബി.ജെ.പി നേതാവ് എസ്. സുരേഷ് കുമാർ വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പെക്ക് പരാതി നൽകിയിട്ടുണ്ട്’, ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
Post Your Comments