കിഴക്കമ്പലം: പട്ടാപ്പകൽ പള്ളി ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ പ്രായപൂർത്തിയാകാത്ത രണ്ടുപേർ പൊലീസ് പിടിയിൽ. സിസിടിവിയിൽ കുടുങ്ങിയാണ് ഇവർ പിടിയിലായത്.
തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. പഴങ്ങനാട് സെന്റ് അഗസ്റ്റിൻ പള്ളിയുടെ അകത്തെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തുന്നത് പള്ളിയിലെ വൈദികൻ മുറിയിലെ സി.സി ടി.വിയിൽ കാണുകയും വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ജനങ്ങളെ അറിയിക്കുകയും ചെയ്തതോടെ വിശ്വാസികൾ എത്തി മോഷ്ടാക്കളെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട ഇവരെ തടിയിട്ടപറമ്പ് പൊലീസിന് കൈമാറി.
Read Also : തെരുവ് നായകള്‍ അക്രമാസക്തരാകാന്‍ കാരണം ഇവിടുത്തെ ചുറ്റുപാടാണ്: അക്ഷയ് രാധാകൃഷ്ണന്
ഇവരുടെ പക്കൽ നിന്നും കണ്ടെടുത്ത ബൈക്ക് എറണാകുളം സെൻട്രൽ സ്റ്റേഷൻ പരിധിയിൽനിന്ന് മോഷണം പോയതാണെന്നും കണ്ടെത്തിയിട്ടുണ്ട്. തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷണം പോയ സൈക്കിളും ഇവരിൽ നിന്ന് കണ്ടെടുത്തു. തടിയിട്ടപറമ്പ്, എടത്തല, തൃക്കാക്കര സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണങ്ങൾ ഇവർ നടത്തിയിട്ടുണ്ട്.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ വി.എം. കേഴ്സൻ, എസ്.ഐ പി.എം. റാസിഖ്, എ.എസ്.ഐ കെ.പി. അബൂ, എസ്.സി.പി.ഒ മാരായ സി.കെ. പ്രദീപ് കുമാർ, റജിമോൻ, സി.പി.ഒ മാരായ അരുൺ കെ. കരുണൻ, എസ്. സന്ദീപ് കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.
Post Your Comments