News

നികത്താനാവാത്ത വിടവ്, അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏട്: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ പിണറായി വിജയൻ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കൽപ്പിക്കാതെ ആരോഗ്യം പോലും നോക്കാതെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യാപരിക്കുന്ന പ്രകൃതക്കാരനായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് പിണറായി വിജയൻ പറയുന്നു. പൊതുപ്രവർത്തനത്തോടുള്ള ഉമ്മൻ ചാണ്ടിയുടെ ആത്മാർത്ഥത പുതുതലമുറയ്ക്കടക്കം മാതൃകയാണെന്നും കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നികത്താനാവാത്ത വിടവ് സൃഷ്ടിച്ചാണ് ഉമ്മൻ ചാണ്ടി വിടവാങ്ങുന്നതെന്നും മുഖ്യമന്ത്രി ഓർമിപ്പിക്കുന്നു.

പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

കോൺഗ്രസ് നേതാവും കേരളത്തിന്റെ മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുകയാണ്. ഈ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരളരാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും.

ഒരേ മണ്ഡലത്തിൽ നിന്നുതന്നെ ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തിൽ അഞ്ച് പതിറ്റാണ്ടിലേറെ പൂർത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവം പേർക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂർവം സമാജികരുടെ നിരയിലാണ് ശ്രീ. ഉമ്മൻചാണ്ടിയുടെ സ്ഥാനം. ആ സവിശേഷത തന്നെ ജനഹൃദയങ്ങളിൽ അദ്ദേഹം നേടിയ സ്വാധീനത്തിന്റെ തെളിവാണ്.

1970 ൽ ഞാനും ഉമ്മൻചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായത്. എന്നാൽ, ഞാൻ മിക്കവാറും വർഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതുരാഷ്ട്രീയ പ്രവർത്തനരംഗത്തായിരുന്നു. ഇടയ്‌ക്കൊക്കെ സഭയിലും. എന്നാൽ, ഉമ്മൻചാണ്ടി സത്യപ്രതിജ്ഞ ചെയ്തതു മുതൽക്കിങ്ങോട്ട് എന്നും സഭാംഗമായി തന്നെ തുടർന്നു. പല കോൺഗ്രസ് നേതാക്കളും കെ കരുണാകരനും എ കെ ആന്റണിയുമടക്കം പാർലമെന്റംഗമായും മറ്റും പോയിട്ടുണ്ട്. ഉമ്മൻചാണ്ടിക്ക് എന്നും പ്രിയങ്കരം നിയമസഭയായിരുന്നു. അദ്ദേഹം അത് വിട്ടുപോയതുമില്ല. കേരളജനതയോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തിന് ഇതിലും വലിയ ദൃഷ്ടാന്തം ആവശ്യമില്ല.
എഴുപതുകളുടെ തുടക്കത്തിൽ നിരവധി യുവാക്കളുടെ സാന്നിദ്ധ്യംകൊണ്ട് കേരള നിയമസഭ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവരിൽ മറ്റാർക്കും ലഭ്യമാവാത്ത ചുമതലകൾ തുടർച്ചയായി ഉമ്മൻ ചാണ്ടിയെ തേടിയെത്തി. മൂന്നുവട്ടം മന്ത്രിയായി. നാലാം വട്ടം മുഖ്യമന്ത്രിയായി. ധനം, ആഭ്യന്തരം, തൊഴിൽ തുടങ്ങിയ സുപ്രധാന വകുപ്പുകൾ അദ്ദേഹത്തിനു കൈകാര്യം ചെയ്യാൻ സാധിച്ചു.

ജീവിതം രാഷ്ട്രീയത്തിനു വേണ്ടി സമർപ്പിച്ച വ്യക്തിയാണദ്ദേഹം.1970 മുതൽക്കിങ്ങോട്ടെന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയിൽ സജീവ സാന്നിധ്യമായി ഉമ്മൻചാണ്ടി ഉണ്ടായിട്ടുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ അര നൂറ്റാണ്ടു കാലത്തെ ചരിത്രത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന കാര്യത്തിൽ എന്നും ഉമ്മൻചാണ്ടിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. കോൺഗ്രസിന്റെയും യു ഡി എഫിന്റെയും മന്ത്രിസഭയുടെയും നേതൃ നിർണയ കാര്യങ്ങളിലടക്കം നിർണായകമാം വിധം ഇടപെട്ടിട്ടുണ്ട് ഉമ്മൻചാണ്ടി.

കെഎസ്‌യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും സംസ്ഥാന കോൺഗ്രസിന്റെ നേതൃനിരയിലെത്തിയ ഉമ്മൻചാണ്ടി സംസ്ഥാനതല കോൺഗ്രസ് നേതൃത്വത്തിൽ പ്രവർത്തിക്കുമ്പോഴും അടിസ്ഥാനപരമായി പുതുപ്പള്ളിക്കാരനായിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. കഠിനാധ്വാനവും സ്ഥിരോത്സാഹവും എന്നും ഉമ്മൻചാണ്ടിയെ നയിച്ചു. ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കൽപിക്കാതെ ആരോഗ്യം പോലും നോക്കാതെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യാപരിക്കുന്ന പ്രകൃതക്കാരനായി അദ്ദേഹം മാറി. രോഗാതുരനായ ഘട്ടത്തിൽപ്പോലും ഏറ്റെടുത്ത കടമകൾ പൂർത്തീകരിക്കുന്നതിൽ അദ്ദേഹം വ്യാപൃതനായിരുന്നു. പൊതുപ്രവർത്തനത്തോടുള്ള ഉമ്മൻചാണ്ടിയുടെ ഈ ആത്മാർത്ഥത പുതുതലമുറയ്ക്കടക്കം മാതൃകയാണ്. കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നികത്താനാവാത്ത വിടവ് സൃഷ്ടിച്ചാണ് ഉമ്മൻചാണ്ടി വിടവാങ്ങുന്നത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ സന്തപ്ത കുടുംബാംഗങ്ങളുടെയും കോൺഗ്രസ് പാർട്ടിയുടെയും യു.ഡി.എഫിന്റെയും പ്രിയപ്പെട്ട എല്ലാവരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button