തിരുവനന്തപുരം: ആദരണീയനായ കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മരണപ്പെട്ടിട്ട് അധിക നേരം ആയിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ആ മഹാരഥനെ മറന്ന് കൊണ്ട് അദ്ദേഹം മരണപ്പെട്ട അതേ ബെംഗളൂരുവില്‍ വച്ച് കോണ്‍ഗ്രസ് ആതിഥേയത്വം വഹിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മീറ്റിംഗും, അത്താഴ വിരുന്നും ഇന്ന് നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആരായിരുന്നുവെന്ന് ട്വിറ്റര്‍ പോസ്റ്റിലൂടെ കോണ്‍ഗ്രസിന് വ്യക്തമാക്കിക്കൊടുക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
Read Also: കൊച്ചി റിട്ട. കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മൃതദേഹം വീടിനകത്ത് അഴുകിയ നിലയിൽ
‘കോണ്‍ഗ്രസിന്റെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒഴിച്ചുകൂടാനാകാത്ത ഏറ്റവും ജനപ്രിയനായ നേതാവാണ് ഉമ്മന്‍ ചാണ്ടി. തന്റെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ വളരെ ചെറുപ്രായത്തില്‍ തന്നെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെ.എസ്.യുവിന്റെ യൂണിറ്റ് പ്രസിഡന്റായി പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ അദ്ദേഹം അവസാന ശ്വാസം വരെ തന്റെ ജീവിതം കോണ്‍ഗ്രസിന് വേണ്ടി ഉഴിഞ്ഞു വച്ചു. ജീവിതത്തിന്റെ അവസാന നാളുകളില്‍ അദ്ദേഹം കോണ്‍ഗ്രസിന്റെ നാഷണല്‍ വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ ആയിരുന്നു’.
‘കേരള രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ കാലം എം.എല്‍.എ ആയിരുന്ന അദ്ദേഹം 1970 മുതല്‍ 2023 വരെ നിയമസഭയില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചു. ഈ കാലയളവില്‍ 4 തവണ മന്ത്രിയും, ഒരു തവണ പ്രതിപക്ഷ നേതാവും, 2 തവണ മുഖ്യമന്ത്രിയുമായി. മികച്ച പൊതുപ്രവര്‍ത്തകനുള്ള ഐക്യരാഷ്ട്ര സഭയുടെ അവാര്‍ഡ് നേടിയ ഒരേയൊരു മുഖ്യമന്ത്രിയാണ് ശ്രീ ഉമ്മന്‍ ചാണ്ടി. ആദരണീയനായ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ആളുകള്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി കഴിഞ്ഞു. അദ്ദേഹത്തോടുള്ള ആദര സൂചകമായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കേരളത്തില്‍ അവധിയാണ്’.
‘എന്നാല്‍, അദ്ദേഹത്തിന്റെ മാതൃ സംഘടനായ കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ ആത്മാവിനോടും ഭൗതിക ശരീരത്തോടും കാട്ടുന്നത് കൊടിയ വഞ്ചനയാണ്. 2024 ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ട് കോണ്‍ഗ്രസ് നയിക്കുന്ന മഹാഗഡ്ബന്ധന്‍ എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം മാറ്റി വയ്ക്കാന്‍ പോലും അവര്‍ തയ്യാറായില്ല എന്നുള്ളത് ആശ്ചര്യമുളവാക്കുന്നു. ഏത് നാട്ടിലാണോ ഉമ്മന്‍ ചാണ്ടി ജീവനറ്റു വീണത് അതെ നാട്ടില്‍ ഇന്ന് വൈകുന്നേരം പ്രതിപക്ഷ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ വിരുന്നൊരുങ്ങുകയാണ്. ഒരു സംസ്ഥാനത്തെ തങ്ങളുടെ മുഖമായിരുന്ന ആ മഹാമനുഷ്യന്‍ മരിച്ചു വീണ ഈ ദിവസത്തില്‍ നാട്ടുകാരെ ബോധിപ്പിക്കാനെങ്കിലും കോണ്‍ഗ്രസിന് ഈ മീറ്റിംഗ് മാറ്റി വയ്ക്കാമായിരുന്നു. അതൊരു രാഷ്ട്രീയ മര്യാദയാണ്’.
ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹം കേരള രാഷ്ട്രീയത്തിന് നല്‍കിയ സംഭാവനകളെയുംകുറിച്ച്, കോണ്‍ഗ്രസുകാരെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കെ സുരേന്ദ്രന്‍ ട്വിറ്ററില്‍ പങ്ക് വച്ച ട്വീറ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തിനെതിരെ ഒട്ടനവധി സമരങ്ങള്‍ നയിച്ച എതിര്‍ പാര്‍ട്ടിക്കാരനായ കെ സുരേന്ദ്രന്‍ പോലും പ്രതിപക്ഷ ബഹുമാനത്തോടെ അദ്ദേഹത്തെ അനുസ്മരിക്കുമ്പോള്‍, സ്വന്തം പാര്‍ട്ടിക്കാരായ കോണ്‍ഗ്രസുകാര്‍ ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിനോടും, ഭൗതിക ശരീരത്തോടും ഇങ്ങനെയൊരു അവഗണന കാണിക്കുന്നത് അത്യന്തം വിരോധാഭാസപരമാണ്’.
Post Your Comments